mada

കോട്ടയം : വിയർപ്പിറ്റിച്ച് നെല്ലുകിളിപ്പിച്ച മണ്ണിൽ അർദ്ധരാത്രി മടപൊട്ടിയൊഴുകിയത് കർഷകരുടെ കണ്ണുനീരായിരുന്നു. വെള്ളം കൺമുന്നിലൂടെ കുതിച്ചൊഴുകുമ്പോൾ തടഞ്ഞു നിറുത്താൻ അവർ പയറ്റിയപണി പതിനെട്ട് നോക്കിയിട്ടും വിഫലമായി. നഗരസഭ 39ാം വാർഡിൽ പള്ളം കൊച്ചുപള്ളം പാടശേഖരത്തിലായിരുന്നു മടവീഴ്ച. രാത്രിയുണ്ടായ ശക്തമായ മഴയിൽ മട തകർന്ന് പള്ളം തോട്ടിൽ നിന്ന് പാടശേഖരത്തിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ശബ്ദംകേട്ട് കർഷകർ ഓടിയെത്തിയെങ്കിലും പ്രതീക്ഷകൾ വിഫലമായി. 45 ലധികം കർഷകർ 65 ഏക്കറിൽ നടത്തി കൃഷിയാണ് നശിച്ചത്. കഴിഞ്ഞദിവസമാണ് പുഞ്ചക്കൃഷി ആരംഭിച്ചത്. തോട്ടിലേയും മടയിലേയും വെള്ളം വലിഞ്ഞാൽ മാത്രമേ മട പഴയപടിയിൽ നിർമ്മിക്കാനാകൂ.


ബണ്ടിനോട് മുഖം തിരിച്ച് അധികൃതർ
പള്ളത്ത് ബണ്ട് സ്ഥാപിക്കണമെന്നത് കർഷരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ ആരും കണ്ടഭാവം നടിക്കുന്നില്ല. മുൻപും സമാനമായി മടവീഴ്ചയുണ്ടായിരുന്നു. കൃഷിനാശത്തിന് ആവശ്യമായ നഷ്ടപരിഹാരവും ലഭിച്ചില്ല. ഒരുവർഷം മുമ്പ് നഗരസഭാധികൃതർ മട സന്ദർശിച്ച് പുതിയത് നിർമ്മിക്കുന്നതിനായി ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു. കോൺട്രാക്ടറുമായുള്ള തർക്കംമൂലം തുക നഷ്ടമായി. 200 മീറ്റർ കൽബണ്ട് കെട്ടിയാൽ പ്രശ്‌നത്തിന് താത്കാലിക പരിഹാരമാകും.

''വരും ദിവസങ്ങളിൽ ശക്തമായ തുലാമഴയുടെ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം കണ്ടെത്തണം. ഏറെ ദുരിതം സഹിച്ചാണ് കൃഷിയിറക്കിയത്.

(കർഷകർ)

''പള്ളം കൃഷി ഓഫീസർ, വാർഡ് കൗൺസിലർ എന്നിവർ പാടശേഖരം സന്ദർശിച്ചു. നഷ്ടം വിലയിരുത്തി ആവശ്യനടപടി സ്വീകരിക്കും.

-(അധികൃതർ)