കോട്ടയം: കേരള സംസ്ഥാന ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗമായിട്ടുള്ള ഏജന്റുമാർക്കും തൊഴിലാളികൾക്കും സൗജന്യ യൂണിഫോം വിതരണം ഡിസംബർ 5ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സി.ബി.സി.ഇ.ബി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി സുബൈർ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അംശാദായം അടക്കാൻ കുടിശിക വന്നിട്ടുള്ള അംഗങ്ങൾക്ക് ഡിസംബർ 15 വരെ കുടിശ്ശിക തീർക്കാൻ അവസരം നൽകിയതായും കുടിശ്ശിക ഇല്ലാത്തവർക്ക് മാത്രമാണ് യൂണിഫോമിന് അർഹതയെന്ന് ചെയർമാൻ അറിയിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എ.എസ് പ്രീയ, ഭാഗ്യക്കുറി ഓഫീസർ സി.എസ് രജനി, തൊഴിലാളി നേതാക്കളായ ടി. എസ് നിസ്താർ, ടി.എസ്.എൻ ഇളയത്, പി.കെ ആനന്ദക്കുട്ടൻ, ചന്ദ്രിക ഉണ്ണികൃഷ്ണൻ, സന്തോഷ് കല്ലറ, കെ.ജി ഹരിദാസ്, എ.പി കൊച്ചുമോൻ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി ഫിലിപ്പ് ജോസഫിനെയും കൺവീനറായി എ.എസ് പ്രിയ എന്നിവരെയും തിരഞ്ഞെടുത്തു.