p

കോട്ടയം:അസുഖം ബാധിച്ച വളർത്തുമൃഗങ്ങളുമായി സർക്കാർ മൃഗാശുപത്രിയിലേക്കെത്തുന്ന സാധരണക്കാരെ വലച്ച് മരുന്ന് ക്ഷാമം. മരുന്നുകൾ വാങ്ങണമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളാണ് ആശ്രയം. ജില്ലയിലെ മൃഗാശുപത്രികളിൽ വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ലഭിക്കാതായതോടെ ക്ഷീരകർഷകർ ഉൾപ്പെടെ പ്രതിസന്ധിയിലായി.

നൽകണം ഇരട്ടിവില
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇരട്ടി വില നൽകി മരുന്നുകൾ വാങ്ങണം സാധാരണക്കാർ. ജില്ലയിലെ 80 ആശുപത്രികളിലും മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു. ഇവ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ക്ഷീരകർഷകരെയാണ്. ആവശ്യമായ മരുന്നുകൾ ആശുപത്രികൾക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വാങ്ങാനാണ് ഡോക്ടർമാരും നിർദേശിക്കുന്നത്.

ക്ഷാമം നേരിടുന്നത്:
വിരഗുളിക
ദഹനത്തിനാവശ്യമായ മരുന്നുകൾ
കാൽസ്യം പൗഡർ
കാൽസ്യം ടോണിക്
ഓയിൻമെന്റുകൾ

പുതിയ നിർദേശം തിരിച്ചടിയായി:
മൃഗസംരക്ഷണ വകുപ്പിൽ നിന്നും നേരിട്ടുള്ള മരുന്ന് വിതരണം നിർത്തിയതോടെ, തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് വകയിരുത്തിയാണ് മൃഗാശുപത്രിയിലേക്കാവശ്യമായ മരുന്നുകൾ വാങ്ങിക്കുന്നത്. വെറ്ററിനറി സർജൻമാർ നൽകുന്ന പ്രോജക്ട് പ്രകാരമാണ് തദേശസ്വയംഭരണ സ്ഥാപനങ്ങൾ മൃഗാശുപത്രികളിൽ മരുന്നുകൾ എത്തിക്കുന്നത്.

ചുരുക്കം ചില പഞ്ചായത്തുകളിൽ നിന്ന് മാത്രമാണ് ഫണ്ട് അനുവദിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ഇത്തരത്തിൽ മരുന്നുകൾക്കായി മാറ്റുന്നത്. ഇങ്ങനെ പദ്ധതി വിഹിതം മാറ്റിവയ്ക്കാൻ സാധിക്കാത്തതാണ് പ്രതിസന്ധി. 2019ന് ശേഷം മൃഗങ്ങൾക്ക് ആവശ്യമായ മരുന്നുകളുടെ വിലയിലും കുതിപ്പുണ്ടായി.


നീതി മെഡിക്കൽ സ്റ്റോറുകൾ മുഖേന കുറഞ്ഞ നിരക്കിൽ നിന്ന് മരുന്നുകൾ ലഭ്യമാക്കണം. മൃഗപരിപാലനത്തിനായി തദേശസ്വയംഭരണസ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തതിന് കർശനനടപടി സ്വീകരിക്കണം. (എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി)