പാലാ: പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഡിസംബർ ഒന്നു മുതൽ 9 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1ന് വൈകിട്ട് 5.15നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം ളാലം പള്ളിയിൽ നിന്നും വാദ്യമേളങ്ങളോടെ തിരുനാൾ പതാക പ്രദക്ഷിണമായി കുരിശുപള്ളിയിൽ എത്തിച്ച് കൊടിയേറ്റ് നടത്തും. തുടർന്ന് ലദീഞ്ഞ്. 7ന് ടൗൺഹാളിൽ സി.വൈ.എം.എൽ നാടകമേളയുടെ ഉദ്ഘാടനം.

7 വരെ എല്ലാ ദിവസവും രാവിലെ 5.30 ന് വിശുദ്ധ കുർബാനയും ലദീഞ്ഞും വൈകിട്ട് 5.30 ന് ജപമാലയും വിശുദ്ധ കുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും.

7ന് രാവിലെ 7.30ന് അമലോത്ഭ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. രാവിലെ എട്ടിന് പാലാ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികൾ നടത്തുന്ന മരിയൻ റാലിയും ഉച്ചകഴിഞ്ഞ് 2.30ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസി ഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം എന്നിവയും നടക്കും. 5ന് കത്തീഡ്രൽ പള്ളി, ളാലം പുത്തൻ പള്ളി എന്നിവിടങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ആഘോഷമായ പ്രദക്ഷിണം നടക്കും.

പ്രധാന തിരുനാൾ ദിവസമായ 8ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.15 ന് പ്രസദേന്തി വാഴ്ച. 10ന് പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാടിന്റെ കാർമ്മികത്വത്തിൽ തിരുനാൾ വിശുദ്ധ കുർബാന. വൈകിട്ട് 4ന് പട്ടണം ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 8.45 ന് പരിശുദ്ധ കുർബാനയുടെ ആശീർവാദവും സമ്മാനദാനവും. 9ന് രാവിലെ 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയിൽ പുനപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപനമാകും.