വൈക്കം : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 'ആകാശമിഠായി' 27 മുതൽ 30 വരെ തലയോലപ്പറമ്പ് എ.ജെ.ജെ.എം എച്ച്.എസ്.എസ്, ഗവ.എൽ.പി.എസ്, ഗവ.യു.പി.എസ്, സെന്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, വി.എം.ബി.എച്ച്.എസ്.എസ് തലയോലപ്പറമ്പ്, സെന്റ് ജോർജ്ജ് പാരീഷ് ഹാൾ, കെ.ആർ.ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും. 13 സബ് ജില്ലകളിൽ നിന്നായി യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ 10000 കുട്ടികൾ കലോൽസവത്തിൽ പങ്കെടുക്കും.

യു.പി വിഭാഗത്തിൽ 171 സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 154 ഉം എച്ച്.എസ്.എസ് വിഭാഗത്തിൽ 113 സ്കൂളുകളും കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

27ന് രാവിലെ 10.30ന് എ.ജെ.ജെ.എം എച്ച്.എസ്.എസിൽ സി.കെ.ആശ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.യു.ബിന്ദു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, കോട്ടയം ഡി.ഡി. ഇൻചാർജ് എം.ആർ.സുനിമോൾ, ആർ.ഡി.ഡി വിജി.പി.എൻ തുടങ്ങിയവർ പ്രസംഗിക്കും.

വൈക്കം മഹമ്മദ് ബഷീറിന്റെ നാട്ടിൽ നടക്കുന്ന കലോത്സവത്തിന് അദ്ദേഹത്തിന്റെ പ്രേമലേഖനം എന്ന കഥയിലെ പ്രതീക്ഷകളുടെ പ്രതീകമായ ആകാശമിഠായി എന്ന പേരാണ് ഇട്ടിരിക്കുന്നത്. കലോത്സവ ലോഗോയുടെ ടാഗ് ലൈൻ ആയി നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ബാല്യകാലസഖിയിലെ മജീദ് എന്ന കഥാപാത്രം അദ്ധ്യാപകന്റെ ചോദ്യത്തിന് ''ഒന്നും ഒന്നും ഉമ്മിണി ബല്യ ഒന്ന്'' എന്ന് നൽകുന്ന മറുപടിയാണ്.