s

കോട്ടയം/തിരുവനന്തപുരം: അഴിമതി രഹിത ഭരണമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഉദ്യോഗസ്ഥ കോഴയ്ക്ക് ശമനമില്ല. നേരിട്ട് കോഴപ്പണം കൈപ്പറ്റാത്ത ഡെപ്യൂട്ടി തഹസീൽദാർ ഇന്നലെ എ.ടി.എം കേന്ദ്രത്തിൽവച്ച് പിടിയിലായത് ഏറ്റവും ഒടുവിലത്തെ സംഭവം. വൈക്കം ഡെപ്യൂട്ടി തഹസിൽദാരായ വൈക്കം ആലത്തൂർ തുണ്ടത്തിൽ ടി.കെ.സുഭാഷ് കുമാറാണ് (54) പിടിയിലായത്.

പ്രവാസിയായ പരാതിക്കാരൻ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാൻ മുളക്കുളം വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, 11 സെന്റ് മാത്രമാണ് പോക്കുവരവ് ചെയ്തു നൽകിയത്. പോക്കുവരവ് പൂർത്തിയാക്കാൻ വൈക്കം താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയപ്പോൾ, സുഭാഷ്‌‌കുമാർ 60,000 രൂപ ആവശ്യപ്പെട്ടു. പ്രവാസി വിജിലൻസിൽ പരാതി നൽകി.

വിജിലൻസ് നിർദ്ദേശ പ്രകാരം ആദ്യ ഗഡുവായ 25,000 രൂപയുമായി എത്തിയപ്പോൾ, ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു. പദ്ധതി പാളുമെന്ന് തിരിച്ചറിഞ്ഞ പ്രവാസി ഗൂഗിൾ പേ അറിയില്ലെന്ന് പറഞ്ഞു. എന്നാൽ, എ.ടി.എം കേന്ദ്രത്തിലുള്ള സി.ഡി.എമ്മിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അതും അറിയില്ലെന്ന് പറഞ്ഞപ്പോൾ, സഹായിക്കാമെന്നായി ഡെപ്യൂട്ടി തഹസീൽദാർ. ഇരുവരും ഓഫീസിനു സമീപത്തെ സി.ഡി.എമ്മിൽ പണം നിക്ഷേപിക്കാൻ ഒരുങ്ങവേ, ഡിവൈ.എസ്.പി. വി.ആർ. രവികുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.

7 വർഷം; നടപടിക്ക്

വിധേയരായി 281പേർ

റവന്യൂ വകുപ്പിൽ ആർത്തിപ്പണ്ടാരങ്ങൾക്ക് തെല്ലും കുറവില്ല. കഴിഞ്ഞ വർഷം 76 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പോക്കുവരവ്, ഭൂമി തരംമാറ്റം, ക്വാറിയ്ക്കുള്ള സ്ഥല പരിശോധന , വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങൾക്കാണ് കോഴചോദിക്കുന്നത്.

നിയമസഭയിൽ മന്ത്രി കെ.രാജൻ നൽകിയ മറുപടി പ്രകാരം ഏഴുവർഷത്തിനിടെ വകുപ്പ്തല നടപടിക്ക് വിധേയരായത് 281 ഉദ്യോഗസ്ഥർ. 124 പേർക്കെതിരെ വിജിലൻസ് കേസുണ്ട്.

155 പേർക്ക്:

കുറ്റപത്രം നൽകി

72 പേർ:

ശിക്ഷിക്കപ്പെട്ടു

സംഘടിതമായും

കോഴ ചോദിക്കും

2022 ജൂൺ

പാലക്കാട് കടമ്പഴിപ്പുറം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, അമ്പലപ്പാറ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കടമ്പഴിപ്പുറം വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ, റിട്ടയേർഡ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

2023 മേയ്

പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ താമസസ്ഥലത്ത് മെത്തക്കടിയിൽ നിന്ന് വിജിലൻസ് പിടികൂടിയത് 1.05 കോടി രൂപ

2024 മേയ്

ഡിജിറ്റൽ റീസർവേ ജോലിക്കിടെ സ്ഥല ഉടമകളെ തെറ്റിദ്ധരിപ്പിച്ച് കൈക്കൂലി വാങ്ങിയ എറണാകുളം പിറവം റീസർവെ സൂപ്രണ്ട് ഓഫീസിലെ സർവെയർക്ക് സസ്പെൻഷൻ. താത്കാലിക സർവേയറെ പിരിച്ചുവിട്ടു

2024 മേയ്

കേസിൽ കിടക്കുന്ന ക്വാറി വാങ്ങുന്നതിന് സഹായം നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കൊട്ടാരക്കര തഹസീൽദാർ,​ ഡെപ്യൂട്ടി തഹസീൽദാർ ഡ്രൈവർ ടി.മനോജ് എന്നിവർ വിജിലൻസ് പിടിയിലായി