കോട്ടയം: താഴത്തങ്ങാടിയാറ്റിൽ നടന്ന സീസണിലെ ആദ്യ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ നടുഭാഗംചുണ്ടൻ കുറുകെയിട്ട് മത്സരം തടസപ്പെടുത്തിയ കുമരകം ടൗൺബോട്ട് ക്ലബിനെ അടുത്ത 5
ലീഗ് മത്സരങ്ങളിലും വിലക്കണമെന്ന ആവശ്യവുമായി മറ്റ് ബോട്ട് ക്ലബ് ക്യാപ്‌ടൻമാർ.
ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ ടൗൺബോട്ട് ക്ലബിന് മൂന്നു വർഷത്തേക്ക് ലീഗിൽ വിലക്ക് ഏർപ്പെടുത്തണമെന്ന അഭിപ്രായം ചില ഉദ്യോഗസ്ഥരും ഉന്നയിച്ചു. തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ്.
സംഘാടകരുടെ പിടിപ്പുകേടിന് തങ്ങൾക്ക് വിലക്കേർപ്പെടുത്തിയാൽ നിയമനടപടി സ്വീകരിക്കാനാണ് ടൗൺ ബോട്ട് ക്ലബിന്റെ തീരുമാനം. തോരാമഴയത്ത് ആദ്യ ഹീറ്റ്സ് നടത്തിയതിനാൽ വേഗത കുറഞ്ഞു ഫൈനലിലെത്താൻ കഴിയാതെ പോയി. ചുണ്ടൻ വള്ളങ്ങളുടെ രണ്ട് ഹീറ്റ്സ് മഴ മാറും വരെ നീട്ടി വെച്ച സംഘാടകരുടെ പക്ഷപാതം മറ്റ് ക്ലബുകൾക്ക് കൂടുതൽ വേഗത കൈവരിച്ചു ഫൈനലിലെത്താൻ സഹായകമായെന്നും ഇതാണ് പ്രശ്നങ്ങൾക്കു കാരണമെന്നുമായിരുന്നു ടൗൺ ബോട്ട് ക്ലബിന്റെ വിശദീകരണം.
പരിശീലനം തുടങ്ങാൻ ടൗൺ
അടുത്ത ലീഗ് മത്സരം 23ന് കൈനകരിയിലാണ് അതിനു മുമ്പ് തീരുമാനം ഉണ്ടാകണം. ഇന്ന് പരിശീലന തുഴച്ചിൽ ആരംഭിക്കാനിരുന്ന ടൗൺബോട്ട് ക്ലബ്ബാകട്ടെ വിലക്കിൽ സർക്കാർ തീരുമാനത്തിന് കാത്തിരിക്കുകയാണ്.
നെഹ്രു ട്രോഫിയിൽ ഒമ്പതു സ്ഥാനങ്ങൾ ലഭിച്ച ചുണ്ടനുകളാണ് ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടൗൺബോട്ട് ക്ലബ്ബിനെ വിലക്കിയാൽ പത്താം സ്ഥാനത്തുവന്ന ചുണ്ടനെ ലീഗ് പ്രവേശനം ലഭിക്കുമോ എന്നകാര്യത്തിലും തീരുമാനം ഉണ്ടാകണം.
ആകെ ആശയക്കുഴപ്പം
താഴത്തങ്ങാടിയിൽ ഫൈനൽ നടക്കാതിരുന്നതിനാൽ പോയിന്റ് നില കണക്കാക്കാനായിട്ടില്ല. മത്സരം റദ്ദാക്കിയതോടെ ആശയക്കുഴപ്പവുമായി. മത്സരം അലങ്കോലപ്പെടത്തിയതിന് ടൗൺബോട്ട് ക്ലബ്ബ് ക്യാപ്ടൻ ടോണി വർക്കിക്ക് എതിരെ വെസ്റ്റ് ക്ലബ് സംഘാടകർ പൊലീസിൽ പരാതി നൽകി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടൗൺ ബോട്ട് ക്ലബ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്. . മത്സരം റദ്ദാക്കേണ്ടി വന്നത് വെസ്റ്റ് ക്ലബ് ഭാരവാഹികളുടെ പിടിപ്പുകേട് കൊണ്ടാണെന്ന് സി.ബി.എൽ സംഘാടകർ കുറ്റപ്പെടുത്തുമ്പോൾ ഉദ്ഘാടനവും മത്സരവും വൈകിപ്പിച്ചത് സി.ബി.എൽ ഭാരവാഹികളെന്നാണ് വെസ്റ്റ് ക്ലബ്ബിന്റെ കുറ്റപ്പെടുത്തൽ.
ഞങ്ങളെ വിലക്കണമെന്ന് മറ്റ് ക്ലബ്ബുകൾ ആവശ്യപ്പെട്ടത് പ്രധാന എതിരാളി ഇല്ലാതാകുമെന്ന സന്തോഷത്താലാകാം. സംഘാടകരുടെ പിടിപ്പുകേടിന് വിലക്കു വന്നാൽ കോടതിയെ സമീപിക്കും. മറ്റു ലീഗ് മത്സരങ്ങൾക്കായി ടീമിനെ നിലനിറുത്തുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. വിലക്ക് വന്നാൽ സംഘാടകരോട് നഷ്ടപരിഹാരം ആവശ്യപ്പെടും അമ്പിളി (കുമരകം ടൗൺബോട്ട് ക്ലബ്ബ്)