
കോട്ടയം: പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 97 പരാതികൾ തീർപ്പാക്കി. 20 എണ്ണം മാറ്റിവച്ചു. 117 പരാതികളാണ് ആകെ പരിഗണിച്ചത്. 83 ശതമാനത്തിലും തീർപ്പുണ്ടാക്കാൻ സാധിച്ചെന്ന് ചെയർമാൻ പറഞ്ഞു. അംഗങ്ങളായ ടി.കെ. വാസു, സേതു നാരായണൻ എന്നിവരുടേയും നേതൃത്വത്തിലുള്ള മൂന്നുബെഞ്ചുകളാണ് കേസുകൾ പരിഗണിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പ്, വനംവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരാതികളും കമ്മിഷന്റെ പരിഗണനയിലെത്തി.
10 മാസം മുമ്പു ചുമതലയേറ്റ ആറാം പട്ടികജാതിപട്ടികഗോത്രവർഗ കമ്മിഷന്റെ പത്താം സിറ്റിങ്ങാണ് പൂർത്തിയായത്. നാലു ജില്ലകളിൽ കൂടി ഇനി സിറ്റിങ് പൂർത്തിയാകാനുണ്ട്. ജനുവരിയോടെ അദാലത്തുകൾ പൂർത്തിയാകും. അദാലത്തിൽ പരിഗണിക്കപ്പെടുന്ന പരാതികളുടെ തുടർനടപടികളുടെ കാര്യത്തിൽ കമ്മിഷൻ ശക്തമായ നിലപാട് എടുക്കുമെന്നും ചെയർമാൻ ശേഖരൻ മിനിയോടൻ പറഞ്ഞു. അംഗങ്ങളായ ടി.കെ. വാസു, സേതു നാരായണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.