dog

കോട്ടയം : ഏത് നിമിഷവും കുരച്ചു ചാടി വീഴാം, കൂട്ടമായിട്ടാണെങ്കിൽ പിന്നെ രക്ഷയില്ല. കടിയിൽ പുളയാനാണ് പാവം ജനത്തിന്റെ വിധി. തെരുവ് നായശല്യത്തിൽ വശംകെട്ട് പ്രഭാതസവാരി ഉപേക്ഷിച്ച ചങ്ങനാശേരി സ്വദേശി സുരേഷിന്റെ വാക്കുകളാണിത്. ഇത് ഒരാളുടെ അനുഭവമല്ല. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും ഒന്നുംഫലം കാണുന്നില്ല.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. പാക്കിൽ മേഖലയിൽ 40 ഓളം കോഴികളെയാണ് തെരുവ്‌നായ്ക്കൾ ആക്രമിച്ചത്. രണ്ട് മാസം മുൻപ് തെരുവുനായയുടെ ആക്രമണത്തിൽ പള്ളിപ്പടി ഭാഗത്ത് പശുക്കൾക്കും വളർത്തുനായക്കും കടിയേറ്റു. ദിവസങ്ങൾക്ക് മുൻപ് കുമരകത്ത് മത്സ്യത്തൊഴിലാളിക്ക് കടിയേറ്റതാണ് ഒടുവിലത്തെ സംഭവം. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. പ്രായമായ വളർത്തുനായ്ക്കളെ ഉടമസ്ഥർ തന്നെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാറുണ്ട്.

പാതയോരം നിറയെ അറവുശാല മാലിന്യം

പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് പോലും നായ്ക്കളുടെ നടുവിലാണ്.


ഇവിടം ഇവരുടെ താവളം
കോ​ടിമ​ത, ഗുഡ്‌​ഷെപ്പേർഡ് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചന്തക്കടവ് എം.എൽ റോഡ്, കോ​ടിമ​ത, ടി.ബി റോഡ്, പാക്കിൽ, ചെട്ടിക്കുന്ന്, കടുവാക്കുളം, പതിനഞ്ചിൽപ്പടി, ലക്ഷംവീട്, പാലാ, വൈക്കം, തലയോലപ്പറമ്പ്, ചങ്ങനാശേരി, നെടുംകുന്നം

കടിയേറ്റവരുടെ കണക്ക്

ജനുവരി : 2056
ഫെബ്രുവരി : 1949
മാർച്ച് : 1950
ഏപ്രിൽ : 1922
മേയ് : 1902
ജൂൺ : 1998
ജൂലായ് : 1778
ആഗസ്റ്റ് : 1955
സെപ്തംബർ : 1828
ഒക്ടോബർ : 1784

''നായശല്യവും, മാലിന്യ നിക്ഷേപവും നിയന്ത്രിക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല. കൃത്യമായ വന്ധ്യകരണം നടക്കാത്തതും പൊതു നിരത്തിലെ ഭക്ഷണ ലഭ്യതയും നായ്ക്കളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നു.

-യാത്രക്കാർ