
കോട്ടയം : നാട്ടിൻപുറത്ത് ആടുവളർത്തൽ കുറഞ്ഞതോടെ ആട്ടിൻപാലിന് ക്ഷാമവും വിലയിൽ കുതിപ്പും. ലിറ്ററിന് 70 ആയിരുന്ന പാലിന് 100 രൂപയായി. സമീപകാലത്തെ റെക്കാഡ് വിലയാണിത്. സാധാരണ വീട്ടമ്മമാരായിരുന്നു മലബാറി, അട്ടപ്പാടി, ബ്ലാക്ക് തുടങ്ങിയ നാടൻ ആടുകളെ വളർത്തിയിരുന്നത്. പാലിന്റെ അളവ് കുറവും സംരക്ഷണ ചെലവ് കൂടിയതും രോഗ കാരണങ്ങളാലും മിക്കവരും ആടു വളർത്തൽ ഉപേക്ഷിച്ചു. ഉത്തരേന്ത്യൻ ആടുകളിൽ നിന്ന് കൂടുതൽ പാൽ ലഭിക്കുമെങ്കിലും വിലയും പരിപാലന ചെലവും കൂടുതലാണ്. ഫാം നടത്തിപ്പുകാരാണ് ഇത്തരം ആടുകളെ വളർത്തുന്നത്. പാൽ വില കൂടിയത് ഇവർക്ക് നേട്ടമായി. ജില്ലയിൽ കടുത്തുരുത്തി, പാമ്പാടി, മണിമല, തെങ്ങണ എന്നിവിടങ്ങളിലാണ് ആടുവളർത്തിൽ കൂടുതൽ. പ്രായമായവർക്കും ഹൃദ്രോഗമുള്ളവർക്കും ഏറെ ഗുണകരമാണ് നാടൻ ആട്ടിൻപാൽ. ആട്ടിറച്ചിയ്ക്കും വില ഉയർന്നു. 900 രൂപ. പുതിയ ആടുവളർത്തൽ പദ്ധതിയോ തീറ്റയ്ക്കായി സബ്‌സിഡിയോ ആനുകൂല്യങ്ങളോ സർക്കാർ ആവിഷ്‌കരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അതിർത്തി കടന്ന് രോഗങ്ങൾ
അന്യസംസ്ഥാനത്ത് നിന്നുള്ള ആടുകൾ കേരളത്തിൽ ഇടംപിടിച്ചതോടെ നാടൻ ഇനത്തിന് പ്രതിസന്ധി നേരിട്ടു.
ഇതിനൊപ്പം ആടുകൾക്ക് രോഗങ്ങൾ കൂടി പിടിപെടുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്. അതിർത്തി കടന്നെത്തിയ ആടുകൾ വന്നതോടെ നാടൻ ഇനങ്ങൾക്ക് പ്രതിരോധ വാക്‌സിൻ എടുക്കേണ്ട സ്ഥിതിയാണ്. സൗജന്യവാക്‌സിൻ എടുക്കാൻ മൃഗാശുപത്രികളിൽ ഡോക്ടർമാരില്ലാത്തതിനാൽ നിരവധി ആടുകളാണ് ചത്തത്. അകിടുവീക്കം, കുളമ്പുരോഗം, പ്ലൂറോ ന്യൂമോണിയ, ടെറ്റനസ്.വയറുകടി,വിറ്റാമിനുകളും ധാതുലവണങ്ങളുടേയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾ എന്നിവയാണ് പ്രധാനമായും ബാധിക്കുന്നത്. ഇത് പാൽ ഉത്പാദനം കുറയുന്നതിനും മരണത്തിനുമിടയാക്കും.
പരിപാലനച്ചെലവേറി
ആടുകൾക്ക് നൽകാനുള്ള തീറ്റക്ക് മുൻ വർഷത്തെക്കാൾ വില ഉയർന്നു. 15 രൂപയായിരുന്ന ഗോതമ്പ് ഉമിക്ക് ഇപ്പോൾ 33 ഉം പിണ്ണാക്കിന് 55 - 60 വരെയുമാണ് വില. പരീക്ഷണാടിസ്ഥാനത്തിൽ നാടൻ ഇനവും ഇതര ഇനവും തമ്മിൽ ക്രോസ് ചെയ്തുള്ള സങ്കരയിനങ്ങളിലെ പോരായ്മകളും മേഖലയെ ബാധിച്ചു.
''സബ്സിഡി നിരക്കിൽ തീറ്റ ലഭ്യമാക്കി പാൽ ഉത്പാദനം വർദ്ധിപ്പിക്കാനും രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാകണം
-(എബി ഐപ്പ്, കർഷക കോൺഗ്രസ് )