p

കോട്ടയം: കെ.പി.എ.സി ഏഴുപതിറ്റാണ്ടു മുന്നേ അരങ്ങിലെത്തിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന വിഖ്യാത നാടകം ത്രിമാന രംഗപടത്തിൽ ആസ്വാദകരിലേയ്ക്ക്. വരച്ചെടുത്ത കർട്ടനുകളിൽ നിന്ന്, ഇളക്കിമാറ്റുകയും യോജിപ്പിക്കുകയും ചെയ്യാവുന്ന കട്ടൗട്ടുകളിലേയ്ക്കാണ് പുതിയ മാറ്റം. നാടകത്തിന് ആദ്യമായി രംഗപടമൊരുക്കിയത് ആർട്ടിസ്റ്റ് കേശവനായിരുന്നെങ്കിൽ 72വർഷത്തിന് ശേഷമുള്ള പുതിയ മാറ്റത്തിന് പിന്നിൽ മകൻ ആർട്ടിസ്റ്റ് സുജാതനാണെന്ന പ്രത്യേകതയമുണ്ട്.

1952 ഡിസംബർ ആറിന് രാത്രി ഒൻപതിന് കൊല്ലം ചവറ തട്ടാശേരിയിലായിരുന്നു നാടകത്തന്റെ ആദ്യ അരങ്ങ്. ത്രിമാന രംഗപടമൊരുക്കിയുള്ള നാടകത്തിന്റെ ആദ്യ അവതരണം തോപ്പിൽ ഭാസിയുടെ ചരമദിനമായ ഡിസംബർ എട്ടിന് ആലപ്പുഴ, കൊല്ലം ജില്ലകളിൽ എവിടെയെങ്കിലും നടത്താനാണ് തീരുമാനം.

യാഥാസ്ഥിതികനായ പരമുപിള്ളയെന്ന കാരണവരുടെ ഓല മേയാൻ പോലും കഴിയാതെ തകർന്ന തറവാടും ജൻമിയുടെ വീടും പാടത്തോട് ചേർന്ന അടിയാളന്റെ കുടിലുമെന്നിങ്ങനെയായി നാടകത്തിലുള്ള മൂന്ന് പ്രാധാന രംഗങ്ങൾ. ഇതുവരെ മൂന്ന് സീനുകൾക്കും ജീവനേകിയത് വ്യത്യസ്ഥ പിൻകർട്ടനുകൾ. ചുളിഞ്ഞാലോ കാറ്റത്ത് ഇളകിയാലോ പോലും രംഗപടത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നതിനാൽ അത്രമേൽ ശ്രദ്ധിച്ചായിരുന്നു അവതരണം.
കെ.പി.എ.സിയുടെ 75-ാം വാർഷികവും നാടകത്തിന്റെ 72-ാം വാർഷികവും തോപ്പിൽ ഭാസിയുടെ ജൻമശതാബ്ദിയും ഒത്തുവന്ന വർഷമായതിനാലാണ് നാടകത്തിന് പുതിയ കാലത്തിന്റെ ഭാവവും ഭംഗിയും നൽകാൻ തീരുമാനിച്ചത്. വേളൂരെ വീടിനോട് ചേർന്നുള്ള ആർട്ടിസ്റ്റ് കേശവൻ സ്മാരക ഓഡിറ്റോറിയത്തിൽ ഒരുമാനത്തോളമായി ത്രിമാന രംഗപടത്തിന്റെ അണിയറയിലാണ് ആർട്ടിസ്റ്റ് സുജാതൻ.

 ചെലവ് 1.10 ലക്ഷം

ശമ്പളമടക്കം 1.10 ലക്ഷം രൂപയാണ് നിർമാണ ചെലവ്. പൈപ്പുകളിലുണ്ടാക്കിയ ചട്ടക്കൂടിൽ ഘടിപ്പിച്ച കാർഡ് ബോർഡിലാണ് രംഗപടം ഒരുക്കുന്നത്. ഇത് നട്ടും ബോൾട്ടും ഉപയോഗിച്ച് യോജിപ്പിച്ച് ഉറപ്പിക്കാം. ആകെ 42സ്ക്വയർ ഫീറ്റുണ്ട്. കൈതനാര് വെള്ളത്തിലിട്ട് പുരവപ്പെടുത്തി അറ്റംചതച്ചുണ്ടാക്കിയ ബ്രഷിലാണ് ആദ്യമായി കർട്ടനിൽ ആർട്ടിസ്റ്റ് സുജാതൻ ചായംപൂശിയത്.

'' അച്ഛൻ രംഗപടമൊരുക്കിയ നാടകത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം ആധുനിക രീതിയിൽ രംഗപടമൊരുക്കാൻ കഴിഞ്ഞത് ഭാഗ്യവും നിയോഗവുമായി കാണുന്നു''