
കോട്ടയം : സംഘാടകരുടെ പിടിപ്പുകേടിൽ പ്രതിഷേധിച്ച് ചുണ്ടൻ വള്ളം കുറുകെയിട്ട് ആദ്യ സി.ബി.എൽ മത്സരം അലങ്കോലപ്പെടുത്തിയ കുമരകം ടൗൺ ബോട്ട് ക്ലബിനെ തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന ആവശ്യം സർക്കാർ തള്ളി. ഇനിയുള്ള അഞ്ച് മത്സരങ്ങളിലും കളിക്കാം. ഇന്ന് കൈനകരിയിലാണ് രണ്ടാം മത്സരം. തങ്ങളുടെ മത്സരം മഴയത്ത് നടത്തിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന ക്ലബ് ഭാരവാഹികളുടെ വാദം ശരിവയ്ക്കുന്നതാണ് സർക്കാർ നിലപാട്. ഒപ്പം മന്ത്രി വി.എൻ.വാസവന്റെയും, കളക്ടർ ജോൺ വി.സാമുവലിന്റെയും ഇടപെടലും സഹായകമായി. വിലക്ക് നീങ്ങിയതറിഞ്ഞതോടെ നെടുമുടിയിൽ പരിശീലന തുഴച്ചിലും ക്ലബ് ആരംഭിച്ചു. കുറഞ്ഞത് മൂന്നു വർഷത്തെ വിലക്കോ അടുത്ത അഞ്ച് ലീഗ് മത്സരങ്ങളിലെ വിലക്കോ നൽകണമെന്ന അഭിപ്രായമായിരുന്നു ബോട്ട് ലീഗ് കമ്മിറ്റിയിൽ ഉയർന്നത്. മറ്റു ക്യാപ്ൻടമാരും ഇതേ നിലപാടാണ് എടുത്തത്. എന്നാൽ ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലായിരുന്നു ടൗൺ ക്ലബ്. ആദ്യ ലീഗിൽ ഫൈനൽ നടക്കാത്തതിനാൽ പോയിന്റും സമ്മാനത്തുകയും എങ്ങനെ വീതിക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
''സംഘാടകരുടെ പിടിപ്പുകേടിന് ഞങ്ങളെ ബലിയാടാക്കരുതെന്ന പരാതി പരിഗണിച്ച് സി.ബി,എൽ കമ്മിറ്റി വിലക്ക് ഒഴിവാക്കിയതിൽ സന്തോഷമുണ്ട്. ഒപ്പം നിന്നവർക്ക് നന്ദി.
-അമ്പിളി (കുമരകം ടൗൺബോട്ട് ക്ലബ്)