
കോട്ടയം : ശബരിമല മണ്ഡല - മകരവിളക്ക് സീസണിൽ ഹോട്ടൽ ഭക്ഷണ വില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയെങ്കിലും എരുമേലിയിലടക്കം ഭക്തരോട് അമിതവില ഈടാക്കുന്നതായി ആക്ഷേപം. സാധന വില കുതിച്ചു കയറുന്നതിനിടയിൽ കുറഞ്ഞവിലയ്ക്ക് വിൽക്കാൻ കഴിയില്ലെന്നാണ് ചില ഹോട്ടൽ ഉടമകളുടെ നിലപാട്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുമായി ചർച്ച നടത്തിയാണ് വില നിശ്ചയിച്ചത്. എന്നാൽ സീസണിൽ പത്തു കാശുണ്ടാക്കാൻ കാത്തിരിക്കുകയാണ് സംഘടനയിൽ അംഗത്വമില്ലാത്ത ഒരുകൂട്ടം. റെയ്ഡ് വല്ലപ്പോഴും ഉണ്ടാകും. പേരിന് കട അടപ്പിക്കും. ആഹാരസാധനങ്ങൾക്ക് വിലയ്ക്കൊപ്പം തൂക്കവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ ,ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതൊന്നും ഉറപ്പുവരുത്തുന്നില്ല. വിപുലമായ പരിശോധനക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്വന്തമായി പരിശോധന ലാബുമില്ല. പ്രധാന ലാബിലേക്ക് സാറ്റ്യൂട്ടറി സാമ്പിൾ അയച്ചാൽ ലഭിക്കാൻ രണ്ടാഴ്ചയെടുക്കും. എല്ലാ ജില്ലകളിലും ലാബുകൾ സജ്ജമായാൽ പരിശോധനയും നടപടി സ്വീകരിക്കലും വേഗത്തിലാക്കാം.
വൃത്തി ഏഴയലത്തില്ല, ആര് കാണാൻ
വിവിധ ഭാഷകളിൽ വില വിവരപട്ടിക പ്രദർശിപ്പിക്കാത്തതിനാൽ അന്യസംസ്ഥാന തീർത്ഥാടകരെ കബളിപ്പിക്കാൻ എളുപ്പമാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പല താത്കാലിക ഹോട്ടലുകളും പ്രവർത്തിക്കുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കുമിടയാക്കും. പഴകിയ സാധനങ്ങളടക്കം വില്പന നടത്തുന്നതായും പരാതിയുണ്ട്.
ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓരോ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരും ഒരു നോഡൽ ഓഫീസറും അടങ്ങിയ എൻഫോഴ്സ്മെന്റ് വിഭാഗത്തെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. പക്ഷെ ആരെയും ഈ വഴി കാണാറില്ല.
പരിശോധനയ്ക്ക് വിധേയം
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില
ജീവനക്കാരുടെ ഹെൽത്ത് കാർഡ്
പഴകിയ ഉത്പന്നങ്ങളുടെ വില്പന
''ദിനംപ്രതി ആയിരക്കണക്കിനു ഭക്തർ എത്തുന്ന എരുമേലിയിൽപ്പോലും കൃത്യമായ മേൽനോട്ടമില്ല . കടുത്ത ചൂഷണത്തിനാണ് അയ്യപ്പന്മാർ വിധേയരാകുന്നത്.
രാജീവ്, എരുമേലി