
കോട്ടയം: ഓളപ്പരപ്പിലൂടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറി... കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴ വരെ കായലിലൂടെ മൂന്ന് മണിക്കൂർ സഞ്ചരിക്കാൻ വിദേശികളുൾപ്പെടെ എത്തി തുടങ്ങി. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പൊക്ക് പാലങ്ങൾ തകരാറിലായതിനെ തുടർന്ന് കാഞ്ഞിരം വരെ സർവീസ് ചുരുക്കിയിരുന്നു. മനുഷ്യസഹായത്താൽ പ്രവർത്തിക്കുന്ന പൊക്കുപാലത്തിലൊരെണ്ണം പണി മുടക്കിയതിനെ തുടർന്ന് ഒരാഴ്ച്ച മുൻപാണ് പാലം നന്നാക്കി സർവീസ് പുനരാരംഭിച്ചത്.
വിദേശികൾ ഉൾപ്പെടെ എത്തി തുടങ്ങി
സീസൺ ആരംഭിച്ചതോടെ നിരവധി പേരാണ് കായൽ യാത്രയ്ക്കായി എത്തുന്നത്. വിദേശികളും അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കോട്ടയത്തേയ്ക്ക് എത്തി. യു.എസ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നും കൂടാതെ ഉത്തർപ്രദേശ്, ആന്ധ്രാ പ്രദേശ് തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയാണ് കായൽ യാത്ര ആസ്വദിക്കാൻ എത്തുന്നത്.
വരുമാനത്തിലും വർദ്ധനവ്
സർവീസ് യാത്രക്കാരെ കൂടാതെ, മറ്റ് യാത്രക്കാരും കൂടുതലായി എത്തിയതോടെ, വരുമാനവും വർദ്ധിച്ചു. പ്രതിദിനം 4000 രൂപയിൽ താഴെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് നിന്നും 7500, 8000 രൂപയായി വർദ്ധിച്ചു. 29 രൂപയാണ് ടിക്കറ്റ് നിരക്ക്.
സർവ്വീസ് ഇങ്ങനെ:
രാവിലെ 5ന് കാഞ്ഞിരം ആലപ്പുഴ
6.45ന് കോടിമത ആലപ്പുഴ
11.30ന് കോടിമത ആലപ്പുഴ
1ന് കോടിമത ആലപ്പുഴ
4ന് കാഞ്ഞിരം ആലപ്പുഴ
5.45ന് കാഞ്ഞിരം ആലപ്പുഴ
സീസൺ ആരംഭിച്ചതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ്. വേഗ ബോട്ട്, വാട്ടർ ടാക്‌സി തുടങ്ങിയവ കോട്ടയത്തേയ്ക്കും എത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയാൽ ടൂറിസം മേഖലയിൽ പുത്തൻ സാദ്ധ്യതകൾക്ക് വഴിയൊരുക്കും.
കോടിമത സ്‌റ്റേഷൻ അധികൃതർ