koyth

കോട്ടയം : വിളവെടുപ്പ് സമയത്ത് കൊയ്ത്ത് യന്ത്രക്ഷാമത്തിൽ വലയുകയാണ് കർഷകർ. യഥാസമയം കൊയ്ത്ത് നടന്നില്ലെങ്കിൽ ഇതുവരെയുള്ള അദ്ധ്വാനമെല്ലാം പതിരാകും. വിളഞ്ഞുപാകമായ നെല്ല് ചുവട് ചാഞ്ഞ് വീണും, നെന്മണി കൊഴിഞ്ഞും നഷ്ടമാകും. വിരിപ്പുകൃഷിയായതിനാൽ മെച്ചപ്പെട്ട വിളവാണുള്ളത്. ഏക്കറിന് കുറഞ്ഞത് 20 ക്വിന്റൽ നെല്ലാണ് പ്രതീക്ഷ. മഴ പെയ്യുകയും കൊയ്ത്ത് വൈകുകയും ചെയ്താൽ ദിവസവും ഏക്കറിന് 50 കിലോ നെല്ല് വീതം നഷ്ടപ്പെടും. ചുവട് ചാഞ്ഞുവീഴാതെ നിൽക്കുന്ന നെല്ല് കൊയ്ത് എടുത്താൽ ഇപ്പോൾ കാര്യമായ നഷ്ടമില്ലാതെ പോകും. ബുക്ക് ചെയ്തിരിക്കുന്ന യന്ത്രത്തിന്റെ പകുതി എണ്ണം പോലും പാടശേഖരങ്ങളിൽ എത്തുന്നില്ല. വലിയ പാടശേഖരങ്ങൾക്ക് കിട്ടിയ യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് പൂർത്തിയാക്കാൻ 15 ദിവസമെങ്കിലും വേണം. ഇതിനോടകം പല കർഷകരുടെയും നെല്ല് നശിക്കും.

ചൂഷണം ഏജന്റുമാരുടേത്

പാടം കൊയ്യാറാകുമ്പോൾ ഇടനിലക്കാർ ചൂഷണത്തിന്റെ ചിറകുമായി വട്ടമിടും. ഒരേ സമയം കൊയ്ത്ത് നടക്കുന്നതിനാൽ യന്ത്രത്തിന് ഡിമാൻഡ് വർദ്ധിക്കും. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വാടക പലപ്പോഴും പാലിക്കാറില്ല. പാടങ്ങളിൽ യന്ത്രം താഴുമെന്നതാണ് വാടക കൂട്ടുന്നതിന് പറയുന്ന ന്യായം. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇടനിലക്കാർ യന്ത്രമെത്തിക്കുന്നത്. സമയത്ത് കൊയ്യേണ്ടതിനാൽ പറയുന്ന വാടക നൽകുകയേ തരമുള്ളൂ. മുമ്പ് ഒരേക്കർ പാടം കൊയ്യാൻ മുക്കാൽ മണിക്കൂറാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഒന്നര മണിക്കൂർ വരെയാണ്. ജില്ലയിൽ കൃഷി വകുപ്പ്, അഗ്രോ ഇൻഡസ്ട്രീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടേതായി മുപ്പതോളം യന്ത്രങ്ങളാണുള്ളത്. ഇതിൽ നാമമാത്രമായവ മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.

ഉൾപ്രദേശങ്ങളിൽ എത്തിക്കാൻ പെടാപ്പാട്

ഉൾപ്രദേശങ്ങളിലെ പാടങ്ങളിൽ ലോറി എത്താതെ വരുന്നതിനാൽ യന്ത്രം വള്ളത്തിൽ കയറ്റണം. 2 വള്ളങ്ങൾ കൂട്ടിക്കെട്ടി പടങ്ങുവച്ച് അതിൽ യന്ത്രം കയറ്റിയാണ് കൊണ്ടു പോകേണ്ടത്. കായൽ പാടശേഖരങ്ങളിലേക്കാണ് പതിവായി യന്ത്രം വള്ളത്തിലും ബാർജിലും കയറ്റി കൊണ്ടു പോകുന്നത്.

''സ്വകാര്യ ലോബിയെ സഹായിക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന നീക്കമാണ് പ്രതിസന്ധിയ്ക്ക് കാരണം. കൊയ്ത്ത് യന്ത്ര വാടക നിശ്ചയിച്ചാലും ഏജന്റുമാരുടെ ചൂഷണം അവസാനിക്കില്ല''

രാജപ്പൻ, കർഷകൻ