വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിദർശനം ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി. സ്വർണാഭരണ വിഭൂഷിതനായ അന്നദാനപ്രഭുവിന്റെ ദിവ്യരൂപം ദർശിക്കാൻ ആയിരങ്ങളാണ് എത്തിയത്.തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി , ടി.എസ് നാരായണൻ നമ്പൂതിരി,അനുപ് നമ്പൂതിരി , ശ്രീധരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പുലർച്ചെ 4.30ന് അഷ്ടമിദർശനത്തിനായി നടതുറന്നപ്പോൾ അന്തരീക്ഷം പഞ്ചാക്ഷരീ മന്ത്രത്താൽ മുഖരിതമായി. പതിനൊന്നാം ഉത്സവനാൾ രാത്രിയിലെ വിളക്കിനെഴുന്നള്ളിപ്പ് പൂർത്തിയാകുമ്പോൾ തന്നെ ദർശനത്തിന് കാത്തുനിൽക്കുന്ന ഭക്തരുടെ നിര ക്ഷേത്ര ഗോപുരങ്ങളും കടന്ന് പുറത്ത് റോഡിലേക്ക് നീണ്ടിരുന്നു.ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ആൽമരചുവട്ടിൽ തപസ്സനുഷ്ടിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദർശനം നല്കിയെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. രാവിലെ 11.30ന് മാന്യസ്ഥാനത്ത് ഇലവച്ച് വൈക്കത്തപ്പനെ സങ്കല്പിച്ച് വിഭവങ്ങൾ വിളമ്പിയതോടെ അന്നദാനപ്രഭുവിന്റെ പെരുംതൃക്കോവിലഗ്രശാലയിലെ പെരുമയാർന്ന പ്രാതൽ സദ്യക്ക് തുടക്കമായി. നൂറ്റിയിരുപത്തിയൊന്ന് പറ അരിയുടെ പ്രാതലാണ് അഷ്ടമി പ്രസാദമായി ദേവസ്വംബോർഡ് ഒരുക്കിയിരുന്നത്.

അഷ്ടമിവിളക്ക് ഭക്തിസാന്ദ്രമായി

രാത്രിയിലെ അഷ്ടമിവിളക്ക് ഭക്തിസാന്ദ്രമായി. വലിയകവല മുതൽ വടക്കേ ഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്പങ്ങൾ വിതറി ഭക്തർ നൽകിയ സ്വീകരണമേറ്റുവാങ്ങി ദേവസേനാപതിയായ ഉദയനാപുരത്തപ്പൻ കൂട്ടമ്മേൽ ഭഗവതിക്കും ശ്രീനാരായണപുരം മഹാവിഷ്ണുവിനുമൊപ്പം വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ അഷ്ടമിവിളക്കിന് തുടക്കമായി. തുടർന്ന് കിഴക്കുനിന്നെത്തി വൈക്കം സമൂഹത്തിന് മുന്നിൽ കാത്തുനിന്നിരുന്ന പുഴവായിക്കുളങ്ങര മഹാവിഷ്ണുവിനും കിഴക്കുംകാവ് ഭഗവതിക്കും തെക്കുനിന്നെത്തിയ ഇണ്ടംതുരുത്തിൽ ഭഗവതിക്കുമൊപ്പം ദേശദേവതയായ മൂത്തേടത്തുകാവിൽ ഭഗവതി തെക്കേ ഗോപുരം വഴിയും തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി പടിഞ്ഞാറെ ഗോപുരം വഴിയും ക്ഷേത്രത്തിൽ പ്രവേശിച്ചു. താരകാസുരനെ നിഗ്രഹിക്കാൻ പുറപ്പെട്ട മകനെക്കാത്ത് പ്രാപഞ്ചിക വൈകാരികഭാവങ്ങളോടെ ആകുലചിത്തനായി വാദ്യമേളങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിന്നിരുന്ന വൈക്കത്തപ്പൻ വിജയാരവങ്ങളോടെയെത്തിയ ദേവസേനാപതിക്ക് ആചാരപ്രകാരം സ്വന്തംസ്ഥാനം നൽകി ആദരിച്ചതോടെ മറ്റ് ദേവീദേവന്മാരും അച്ഛന്റേയും മകന്റേയും ഇരുവശങ്ങളിലുമായി അണിനിരന്നു.കറുകയിൽ കുടുംബത്തിലെ കിടങ്ങൂർ കൊച്ചുമീത്തിൽ ഗോപാലൻ നായർ പല്ലക്കേറിവന്ന് ആദ്യകാണിക്കയായി സ്വർണ്ണ ചെത്തിപ്പൂവ് അർപ്പിച്ചതോടെ വലിയകാണിക്കയ്ക്കും ആരംഭമായി. തുടർന്നായിരുന്നു ദേവീദേവന്മാരുടെ വിടപറയലും ദുഃഖകണ്ഠാര രാഗത്തിന്റെ പശ്ചാത്തലത്തിൽ അച്ഛന്റേയും മകന്റേയും വേർപിരിയലും.

വൈക്കത്തപ്പന് ഇന്ന് ആറാട്ട്

വൈക്കം മഹാദേവരുടെ ആറാട്ട് ഇന്ന് നടക്കും.ഉദയനാപുരം ക്ഷേത്രത്തിന്റെ കിഴക്ക് ഇരുമ്പൂഴിക്കരയിലെ ആറാട്ടുകുളത്തിലാണ് വൈക്കത്തപ്പന്റെ ആറാട്ട്.
തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി,ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.വൈകിട്ട് 5 നാണ് ആറാട്ടെഴുന്നള്ളിപ്പ്. ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കെ ഗോപുരനടയിൽ വൈക്കത്തപ്പനെ ഉദയനാപുരത്തപ്പൻ ആചാരമനുസരിച്ച് എഴുന്നള്ളി അരിയും പൂവും തൂകി എതിരേൽക്കും. തുടർന്ന് താന്ത്രിക വിധി പ്രകാരം വൈക്കത്തപ്പന്റെ ആറാട്ട് നടക്കും.
ആറാട്ടിന് ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പുജയും വിളക്കും നടക്കും.

മുക്കുടി നിവേദ്യം നാളെ

വൈക്കത്തപ്പന് നാളെ മുക്കുടി നിവേദ്യം നടത്തും. ഉത്സവ സമയത്ത് തുടർച്ചയായുള്ള നേദ്യങ്ങളാൽ ഭഗവാന് വന്നു പെട്ടെക്കാവുന്ന ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ചെയ്യുന്ന നിവേദ്യമാണ് മുക്കുടി. തൃശൂർ വടക്കാഞ്ചേരി കുമരനെല്ലൂർ കുട്ടൻചേരിൽ ശ്രീകുമാർ മൂസതിന്റെ നേതൃത്വത്തിൽ ഒരുക്കിയെടുത്ത ഔഷധക്കൂട്ട് ഉത്സവ സമയത്ത് ക്ഷേത്രനടയിൽ സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ശുദ്ധമായ മോരിൽ ഔഷധക്കൂട്ട് ചേർത്ത് പാകപ്പെടുത്തിയ ശേഷമാണ് വൈക്കത്തപ്പന് നേദിക്കുന്നത്.മുക്കുടി നിവേദ്യം ഭക്തർക്ക് പ്രസാദമായി നൽകും.

ദർശനം നടത്തിയത് രണ്ട് ലക്ഷം ഭക്തർ

വൈക്കത്തഷ്ടമി നാളിൽ രണ്ട് ലക്ഷത്തിലധികം ഭക്തർ ക്ഷേത്രദർശനം നടത്തിയതായി ദേവസ്വം ഡെപ്പ്യൂട്ടി കമ്മിഷണർ കെ.ആർ.ശ്രീലത അറിയിച്ചു. വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടയ പ്രാതലിൽ ഏകദേശം 15000 ഭക്തർ പങ്കെടുത്തു. 70 വയസ് പൂർത്തിയായവർക്ക് പ്രാതലിൽ പങ്കെടുക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് കാണിക്കയിൽ വർദ്ധനവുണ്ട്.

ചിത്രങ്ങൾ.

വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദർശനത്തിന് നട തുറന്നപ്പോൾ