
കോട്ടയം : ഒരാഴ്ച മുന്നേ ഭേദപ്പെട്ട വിലയുണ്ടായിരുന്ന പൈനാപ്പിളിന് അപ്രതീക്ഷിത വിലയിടിവ്. ഒരാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 14 രൂപ വരെ കുറഞ്ഞു. അതേസമയം ഡിമാൻഡ് കൂടിയത് കർഷകർക്ക് ആശ്വാസമാണ്. കാലാവസ്ഥ അനുകൂലമായതിനാൽ അധികം പരിചരണം ആവശ്യമില്ലെന്നും നിലവിൽ വിപണിയിൽ വലിയ പ്രതിസന്ധിയില്ലെന്നും കർഷകർ പറയുന്നു. എന്നാൽ മഴ കനത്താൽ തിരിച്ചടി നേരിട്ടേക്കുമെന്ന ആശങ്കയുണ്ട്. വിപണിയിൽ ഓറഞ്ച് ഉൾപ്പെടെയുള്ളവ സുലഭമായി എത്തുന്നതാണ് പൈനാപ്പിൾ വില കുറയാൻ കാരണം. സവാള വിലക്കയറ്റവും ക്ഷാമവും കാരണം വടക്കേ ഇന്ത്യയിലേക്കുള്ള ലോറികളുടെ ലോഡ് കുറഞ്ഞതും വിനയായി. കൈതച്ചക്കയുമായി പോകുന്ന ലോറികൾ സാധാരണ സവാളയുമായി കേരളത്തിലേയ്ക്ക് മടങ്ങാറാണ് പതിവ്. എന്നാൽ ദീപാവലിയോടനുബന്ധിച്ച് കൈതച്ചക്കയുമായി പോയ ലോറികൾ സവാള കിട്ടാതായതോടെ മടങ്ങിയെത്താൻ വൈകി.
ശബരിമല സീസണും വിപണി ഉയർത്തി
പഴത്തിന് 48 രൂപയായിരുന്നത് കഴിഞ്ഞ ദിവസം 34 ആയി. പച്ച പൈനാപ്പിളിന്റെ വില 41 ൽ നിന്ന് 27 ആയും, പച്ച സ്‌പെഷ്യൽ ഗ്രേഡിന്റെ വില 43 ൽനിന്ന് 29 രൂപയായും കുറഞ്ഞു. കഴിഞ്ഞ വർഷം പൈനാപ്പിൾ പഴത്തിന് 42 രൂപയും പച്ചയ്ക്ക് 36 രൂപയും സ്‌പെഷ്യൽ ഗ്രേഡിന് 38 രൂപയുമായിരുന്നു വില. സംസ്‌കരണ യൂണിറ്റുകളിലേയ്ക്കും മറ്റുമായി ചെറിയ ലോഡുകളിൽ പൈനാപ്പിൾ ധാരാളമായി പോകുന്നുണ്ട്. ഇത്തവണ സംസ്‌കരണ യൂണിറ്റുകൾ നേരിട്ട് കർഷകരിൽ നിന്ന് വാങ്ങുന്നുണ്ട്. ശബരിമല സീസണായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരടക്കം പൈനാപ്പിൾ ധാരാളമായി മേടിക്കുന്നുണ്ട്.
'' സാധാരണ വില കുറയുമ്പോൾ കർഷകർ വലിയ നഷ്ടം നേരിടുന്നതാണ് പതിവ്. എന്നാൽ, ഇത്തവണ വിലയിടിഞ്ഞെങ്കിലും കർഷകർ വലിയ നഷ്ടം നേരിടുന്നില്ല. പഴങ്ങൾ വിറ്റുപോകുന്നത് ആശ്വാസമാണ്''
-പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ