
കോട്ടയം: നാട്ടകത്തെ അക്ഷരമ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലെറ്റർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമർപ്പിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരന്മാരായ ടി. പദ്മനാഭൻ, എം.കെ. സാനു, എം. മുകുന്ദൻ, എൻ. എസ്. മാധവൻ, പ്രൊഫ. വി. മധുസൂദനൻനായർ, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ചരിത്രകാരനായ ഡോ. എം. ആർ. രാഘവ വാര്യർ, തോമസ് ജേക്കബ്, മുരുകൻ കാട്ടാക്കട, ഡോ. റിച്ച നെഗി, മൗമിത ധർ തുടങ്ങിയവരും പങ്കെടുക്കും. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ ജോസ് കെ. മാണി, അഡ്വ. ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജസ്റ്റിസ് കെടി. തോമസ് തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി വി.എൻ.വാസവൻ, എസ്.പി.സി.എസ് സ്പെഷ്യൽ ഓഫീസർ എസ്.സന്തോഷ് കുമാർ, ജോ.രജിസ്ട്രാർ കെ.വി.സുധീർ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.