പാലാ: കവികൾ പുതിയ കവിതയിലൂടെ പുതിയ ലോകം സൃഷ്ടിക്കുകയാണെന്നും കവിതയെഴുത്ത് വിഷമം പിടിച്ച പണിയാണെന്നും എന്നും പ്രമുഖ പോസ്റ്റ് മോഡേൺ കവി പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ളാററിനം ജൂബിലിയുടെ ഭാഗമായി പാലാ സഹൃദയസമിതിയും കോളജ് അലുമിനി അസോസിയേഷനും സംയുക്തമായി നടത്തിയ സാഹിത്യ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗോപീകൃഷ്ണൻ. കേരളസർക്കാരിന്റ എൻ.വി.കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയ ഗോപീകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. സഹൃദയസമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ ആദ്ധ്യക്ഷനായിരുന്നു. ജിജോ തച്ചൻ രചിച്ച മരണവീട്ടിലെ കവർച്ച എന്ന കവിതാസമാഹാരം ഡോ.എസ്.എസ്. ശ്രീകുമാറിന് കോപ്പി നൽകി ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു. ഡോ.സാബു ഡി.മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.ശ്രീദേവി, ശ്രീകുമാർ കാര്യാട്, ജോസ് മംഗലശ്ശേരി, ജിജോ തച്ചൻ, സെബാസ്റ്റ്യൻ വട്ടമറ്റം, ബി.കേരളവർമ്മ തുടങ്ങിയവർ പ്രസംഗിച്ചു.