കോട്ടയം: കാനം രാജേന്ദ്രന്റെ ഓർമ്മകൾക്ക് ഒരു വർഷം തികയുമ്പോൾ കാനം അന്ത്യവിശ്രമം കൊള്ളുന്ന പുളിമരച്ചുവട്ടിൽ അനുസ്മരണം ഒരുക്കുകയാണ് പാർട്ടി ജില്ലാ കൗൺസിൽ. ചരമദിനമായ ഡിസംബർ 8ന് വസതിയിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ 10ന് അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധിൾ, പ്രമുഖ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സൗമ്യതയാർന്ന കാർക്കശ്യത്തിന്റെ മൂർത്ത രൂപമായ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിടാൻ നേതാക്കളും പ്രവർത്തകരുമെല്ലാം ഒരിക്കൽ കൂടി ആ പുളിമരച്ചുവട്ടിലേക്ക് എത്തും. വിപുലമായ ഒരുക്കങ്ങളാണ് അനുസ്മരണ സമ്മേളനത്തിനായി പാർട്ടി ജില്ലാ കൗൺസിൽ നടത്തുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്മൃതി മണ്ഡപം പാർട്ടി സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി., ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു എന്നിവർ സന്ദർശിച്ചു.