
കോട്ടയം : ദേശീയ വിര വിമുക്തദിനത്തിന്റെ ഭാഗമായി ജില്ലയിലെ 1 മുതൽ 19 വയസു വരെയുള്ള 3.90 ലക്ഷംപേർക്ക് നാളെ വിര നശീകരണ ഗുളിക നൽകും. സ്‌കൂളുകൾ, അങ്കണവാടികൾ വഴിയാണ് നൽകുക. ജില്ലാതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് കടനാട് ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്‌കൂളിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ എന്നിവർ പങ്കെടുക്കും. അങ്കണവാടിയിൽ പോകാത്ത കുഞ്ഞുങ്ങളും മറ്റു സ്വകാര്യ നഴ്സറികളിൽ പഠിക്കുന്ന കുട്ടികളും ഉച്ചസമയം അങ്കണവാടികളിലെത്തി മരുന്നു കഴിക്കണം. ജില്ലയിലെ എല്ലാ സ്‌പെഷ്യൽ സ്‌കൂളുകൾ, എം.ആർ.എസ്., ബാലഭവൻ എന്നിവയിലെ കുട്ടികൾക്കും ഗുളിക നൽകും. നാളെ വരാൻ സാധിക്കാത്തവർക്ക് അടുത്ത മാസം മൂന്നിന് നൽകും.
ആൽബൻഡസോൾ ഗുളിക
കുട്ടികളിലുണ്ടാകുന്ന വിളർച്ച, വളർച്ച മുരടിപ്പ്, പ്രസരിപ്പ് ഇല്ലായ്മ, അയൺ കുറവ്, മറ്റ് വിവിധ പ്രശ്നങ്ങൾക്ക് ഗുളിക കഴിക്കുന്നത് മൂലം പരിഹാരമുണ്ടാകും. ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. വിരയിളക്കുന്നതിന് സാധാരണ നൽകിവരുന്ന ആൽബൻഡസോൾ ഗുളികയാണ് നൽകുന്നത്. പനിയോ, ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന തരം മറ്റ് അസുഖങ്ങളോ ഇല്ലാത്തവർ ഗുളിക കഴിക്കണം. പാർശ്വഫലമില്ല. മണ്ണിലൂടെ ആഹാരത്തിൽ പ്രവേശിക്കുന്ന വിരകൾ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം വലിയൊരളവുവരെ ചോർത്തിയെടുക്കും.