hoooo

കോട്ടയം: വരുന്നത് ക്രിസ്തുമസും പുതുവർഷവുമാണ്... ഏറെ പ്രതീക്ഷയിലാണ് കായൽ ടൂറിസവും ഹൗസ് ബോട്ട് മേഖലയും...സീസൺ സജീവമാകുന്നതോടെ

സഞ്ചാരികൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് ടൂറിസം രംഗം. മുമ്പ് പ്രളയവും കൊവിഡും പോളയുമെല്ലാം പ്രതിസന്ധികൾ തീർത്തു. തുടർച്ചയായുള്ള തളർച്ചകളെ മറികടന്ന് ഹൗസ് ബോട്ടുകൾ വീണ്ടും നിറയുമെന്നാണ് കണക്കുകൂട്ടൽ. കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളും അവസാനവട്ട ഒരുക്കത്തിലാണ്. റിസോർട്ടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളും പൂന്തോട്ടങ്ങളുടെ മോടിപ്പിടിപ്പിക്കലുമെല്ലാം പുരോഗമിക്കുകയാണ്. മഴ മാറിയതോടെ ഹൗസ് ബോട്ടുകൾക്കൊപ്പം ശിക്കാരവള്ളക്കാരും പ്രതീക്ഷയിലാണ്. മൺസൂൺ ടൂറിസത്തിന് സഞ്ചാരികൾ എത്തേണ്ടിയിരുന്ന സമയത്താണ് പ്രകൃതിക്ഷോഭം തടസമായത്. ഇതോടെ, രണ്ട് മാസം മുൻപ് വരെ പത്ത് ശതമാനം ഹൗസ് ബോട്ടുകൾ മാത്രമാണ് നീറ്റിലിറങ്ങിയിരുന്നത്.

കുമരകത്ത് സർവീസ് നടത്തുന്നത്: 120 ഹൗസ് ബോട്ടുകൾ

ബുക്കിംഗ്, എല്ലാം സജീവം...

വിദേശികളായ സഞ്ചാരികൾക്കായി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 24 റിസോർട്ടുകളിലായി 900 മുറികൾ, കുമരകം, കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് എന്നിവിടങ്ങളിലായി 15 ഓളം ബോട്ടുകൾ, നൂറോളം ശിക്കാര മോട്ടോർ ബോട്ടുകൾ എന്നിവ സജ്ജമായിട്ടുണ്ട്.കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ചെറുതോടുകളിലൂടെ ശിക്കാര വള്ളത്തിലുള്ള യാത്രയും ഒപ്പം കായൽ വിഭവങ്ങളുടെ രുചി ആസ്വാദിക്കാനുമാണ് വിദേശ സഞ്ചാരികൾ ഏറെയുമെത്തുന്നത്. കോടിമതയിലെ സർക്കാർ സർവീസ് ബോട്ട് യാത്ര ആസ്വദിക്കാൻ വിദേശികൾ ഉൾപ്പെടെ എത്തിത്തുടങ്ങി.

പ്രീമിയം ഹോംസ്റ്റേകൾ: 20 ലേറെ


വിദേശികൾ കൂടുതലായി എത്തിത്തുടങ്ങിയാൽ മേഖലയിൽ പുത്തനുണർവുണ്ടാകും. വേമ്പനാട്ട് കായലിൽ പോള ശല്യം വർദ്ധിച്ചത് പ്രതിസന്ധിയാകുമോയെന്ന ആശങ്കയുമുണ്ട്.

(ഷിനോജ്, ഹൗസ് ബോർഡ് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി മുൻ പ്രസിഡന്റ്).