aana

മുണ്ടക്കയം ഈസ്റ്റ്: റ്റി.ആർ.ആന്റ്.ടി എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം. ഇന്നലെ രാവിലെയാണ് സംഭവം. എസ്റ്റേറ്റ് സൂപ്പർവൈസർ ശരത് ഒറ്റപ്ലാക്കലിന് പരിക്കേറ്റു. കടമാൻകുളം ഡിവിഷനിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ വനപാലകരെത്തി തുരത്തുന്നതിനിടെയാണ് അപകടം. സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ പതിനൊളം പേർ കൂടി നിന്നിടത്തേക്ക് കാട്ടാനകൾ പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സൂപ്പർവൈസർക്ക് പരിക്കേറ്റത്. ഒരു സൂപ്പർവൈസറും പത്തോളം തൊഴിലാളികളുമാണ് ആക്രമണത്തിൽ നിന്നും തലനാരിക്ക് രക്ഷപ്പെട്ടത്. ആനയെ തുരത്തുന്നതിന് മുന്നോടിയായി വനപാലകർ എസ്റ്റേറ്റിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ റബർ പാൽ അളക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിനിർത്തിയിരുന്നു. ഈ ഭാഗത്തേക്കാണ് കാട്ടാനക്കൂട്ടം ഓടിയെത്തിയത്. കാട്ടാനക്കൂട്ടം എസ്റ്റേറ്റ് മേഖലയിൽ തമ്പടിച്ചതോടെ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.

ഭീതിയുടെ മുൾമുനയിൽ

തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ സമീപം വരെ കാട്ടാനകൾ എത്തുന്നുണ്ട്. ഇതോടെ ജീവൻ പണയം വെച്ചാണ് ഓരോ ദിവസവും തൊഴിലാളികൾ കഴിച്ചുകൂട്ടുന്നത്. കാട്ടാനകളെ കാടുകയറ്റാൻ ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികളുടെ ആവശ്യം.