kurichy

ചങ്ങനാശേരി : കുത്തനെയുള്ള ഇറക്കം, കൊടുംവളവ്.. ഡിവൈഡർ ഒക്കെ സ്ഥാപിച്ചിട്ടുണ്ട് പക്ഷെ എന്ത് പ്രയോജനം.ഒരാൾ പൊക്കത്തിൽ കാട് മൂടി. കാഴ്ചയും മറഞ്ഞു. കണ്ണൊന്നു തെറ്റിയാൽ അപകടം ഉറപ്പ്. എം സി റോഡിലെ തിരക്കേറിയ കുറിച്ചി ഔട്ട്‌ പോസ്റ്റ്‌ ജംഗ്ഷനിലാണ് ഈ അപകടക്കെണി. ദിനംപ്രതി നിരവധി ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അപകടം നിറഞ്ഞ വളവും പടിഞ്ഞാറൻ പ്രദേശത്തെയ്ക്ക് തിരിയുന്ന ഭാഗവുമായതിനാൽ അപകടങ്ങൾ പതിവാണ്. സിഗ്‌നൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗതയും സിഗ്‌നലുകളെ മറികടക്കുന്നതിനുള്ള തിടുക്കവും അപകടത്തിൽ കലാശിക്കാറുണ്ട്. നടപ്പാതയടക്കം കാട് മൂടിയത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. തിരക്കേറിയ റോഡിലേയ്ക്ക് ഇറങ്ങി നടക്കുന്നത് അപകടത്തിനിടയാക്കും.

ഇഴജന്തുക്കളെ പേടിച്ചാരും

ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടെയാണ് ഇവിടം. ഇടക്കാലത്ത് പഞ്ചായത്തിന്റെയും,​ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഇവിടം വൃത്തിയാക്കിയെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കാതായി. റോഡരികിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ നടപ്പാതയിലാണ് വയ്ക്കുന്നത്. കോട്ടയം, ചങ്ങനാശേരി മേഖലകളിലുള്ളവർക്ക് വാലടി, കൈനടി, നീലംപേരൂർ പള്ളി എന്നിവിടങ്ങളിലേക്കും കാവാലം, കൃഷ്ണപുരം എന്നിവിടങ്ങളിലേക്ക് പോകുന്നത് കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ നിന്നാണ്.

കറണ്ട് പോയാൽ ട്രാഫിക് ലൈറ്റ് ഡിം

ട്രാഫിക് ലൈറ്റുകൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ പണിമുടക്കുന്നതും പതിവാണ്. സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.


''പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവർത്തകരുടെ സഹായത്തോടെ കാടുമൂടിയ ഡിവൈഡറുകളും നടപ്പാതയും വൃത്തിയാക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണം.

-(കുറിച്ചി നിവാസികൾ)