
കോട്ടയം : ആട്ടവും, പാട്ടുമായി കൗമാര മാമാങ്കത്തിന് ഇന്ന് സുൽത്താന്റെ നാട്ടിൽ തിരിതെളിയും. രാവിലെ 10.30ന്
തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. 30 ന് വൈകിട്ട് 3.30 ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കലോത്സവത്തോടനുബന്ധിച്ച് വർണശബളമായ വിളംബരജാഥയും നടന്നു. 13 ഉപജില്ലകളിൽ നിന്നായി 10000ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. എ.ജെ.ജോൺ സ്‌കൂൾ കൂടാതെ ഗവ.എൽ.പി. സ്‌കൂൾ, ഗവ.യു.പി.സ്‌കൂൾ, സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, വൈക്കം മുഹമ്മദ് ബഷീർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് ജോർജ് പള്ളി പാരിഷ് ഹാൾ കെ.ആർ.ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വേദികൾ.
വിപുലമായ ക്രമീകരണം
പ്രധാനവേദിയായ എ.ജെ.ജോൺ സ്‌കൂളിന് സമീപമാണ് പാർക്കിംഗ്. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിധികർത്താക്കൾക്കും മറ്റ് സ്‌കൂൾ വാഹനങ്ങൾക്കുമായി പ്രത്യേക പാർക്കിംഗ് സൗകര്യം. തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹയർസെക്കൻഡറി സ്‌കൂളിലാണ് ഭക്ഷണം. എ.ജെ.ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രീകരിച്ച് വൈദ്യസഹായം. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ്, റെഡ് ക്രോസ് വോളന്റിയർ സേവനവുമുണ്ട്.
ഗോത്രകലകളും
17 വേദികളിലായി നടക്കുന്ന 298 മത്സരയിനങ്ങൾക്കൊപ്പം ഗോത്രകലകളുമുണ്ട്. ഇരുളനൃത്തം (ആട്ടവും പാട്ടും), മലപ്പുലയാട്ടം, പളിയനൃത്തം, പണിയനൃത്തം, മംഗലംകളി തുടങ്ങിയ ഗോത്രകലാരൂപങ്ങളാണ് പുതിയ മത്സരയിനങ്ങൾ. ഗോത്രകലകൾ സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ തുടർന്നാണ് ഇത് ഉൾപ്പെടുത്തിയത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ.