life

പാലാ : സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫിന്റെ പൂർത്തീകരണത്തിലേക്ക് ആദ്യം കടക്കുന്ന പഞ്ചായത്തായി പാലാ മീനച്ചിൽ. ലൈഫ് മിഷനിൽ ഇതുവരെ അപേക്ഷ നൽകിയ 159 പേർക്കും തണലൊരുക്കിയെന്ന നേട്ടത്തിലാണ് പഞ്ചായത്ത്. ലൈഫ് മിഷനിൽ 2020 ൽ അപേക്ഷ ലഭിച്ച അർഹരായ മുഴുവൻപേരുടെയും വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ പറഞ്ഞു. വീടുകളുടെ താക്കോൽ ദാനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 30 ന് ഉച്ചയ്ക്ക് 2 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മാണി സി കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഷെൽഫ് ഒഫ് ലൗന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും , ഹിയറിംഗ് എയ്ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി സ്വാഗതവും, സെക്രട്ടറി സീന പി.ആർ നന്ദിയും പറയും. പത്രസമ്മേളനത്തിൽ സാജോ പൂവത്താനി, ലിൻസി മാർട്ടിൻ, ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ബിജു ടി.ബി., ലിസമ്മ ഷാജൻ, പുന്നൂസ് പോൾ, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ എന്നിവർ പങ്കെടുത്തു.

ഈ ഷെൽഫിൽ നിറയെ സ്നേഹപ്പൊതി

ഒരു വർഷത്തിനിടെ നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. എല്ലാ വാർഡുകളിലൂടെയും കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി യാത്രാക്ലേശം പരിഹരിച്ചു. ക്ഷീരഗ്രാമം പദ്ധതി നൂറുകണക്കിന് ക്ഷീരകർഷകർക്ക് സാന്ത്വനമേകി. ഷെൽഫ് ഒഫ് ലൗ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അങ്കണത്തിൽ തയ്യാറാക്കുന്ന വിശാലമായ ഷെൽഫിൽ ജനങ്ങളുടെ സഹായത്തോടെ ഉപയോഗപ്രദമായ വസ്ത്രങ്ങളും, പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള ഉപയോഗവസ്തുക്കളും സമർപ്പിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആർക്കും ഇവിടെ നിന്ന് ഇഷ്ടമുള്ളത് എടുത്ത് മടങ്ങാം.

സാന്ത്വനമേകിയ പദ്ധതികൾ

കേൾവി പരിമിതിയുള്ള 44 പേർക്ക് ഹിയറിംഗ് എയ്ഡ് നൽകി

5000 കോഴിക്കുഞ്ഞുങ്ങൾ കർഷകർക്ക് വിതരണം ചെയ്തു

165 രോഗികൾക്ക് ചികിത്സാ സഹായം, ഡയാലിസിസ് കിറ്റ്

പാലിയേറ്റീവ് രോഗികൾക്കായി ഒരുവർഷം ചെലഴിച്ചത് 16 ലക്ഷം

തരിശു നെൽകൃഷി പ്രോത്സാഹനം : 40 ഏക്കറിൽ കൃഷിയിറക്കി

''സംസ്ഥാനത്ത് ആദ്യമായി ലൈഫ് മിഷനിലെ മുഴുവൻ അപേക്ഷകർക്കും വീട് നൽകി മാതൃകയാകാൻ പഞ്ചായത്തിന് കഴിഞ്ഞത് ഭരണ - പ്രതിപക്ഷ ഭേദമന്യേ അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും, പൊതുജനങ്ങളുടെയും കൂട്ടായ ശ്രമമാണ്. സാജോ പൂവത്താനി, പഞ്ചായത്ത് പ്രസിഡന്റ്