കോട്ടയം: കെ.എസ്.ഇ.ബി തിരുവാർപ്പിൽ പുതിയതായി സ്ഥാപിക്കുന്ന ട്രാൻസ്‌ഫോർമറിന് മുകളിൽ കയറി ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറിയുടെ പ്രതിഷേധം. ദേവസ്വം ഭൂമി കൈയേറിയാണ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇന്നലെ ഉച്ചയോടെ കിളിരൂർകുന്ന് ദേവീക്ഷേത്ര പഴയ ആറാട്ട് കടവിന് സമീപത്താണ് സംഭവം. കോതാടി വീട്ടിൽ ജയേഷാണ് പ്രതിഷേധിച്ചത്. ഗുണഭോക്താക്കളായ ജനങ്ങൾ ദേവസ്വം സെക്രട്ടറിയുടെ പ്രതിഷേധത്തിനെതിരെ സംഘടിച്ചത് സംഘർഷസാദ്ധ്യത സൃഷ്ടിച്ചു. കുമരകം പൊലീസ് സ്ഥലത്തെത്തി കരാറുകാരനുമായി സംസാരിച്ച് നിർമ്മാണ പ്രവർത്തനം നിർത്തിവച്ച ശേഷമാണ് ക്ഷേത്രം സെക്രട്ടറി ട്രാൻസ്‌ഫോമറിൽ നിന്നും ഇറങ്ങിയത്. ക്ഷേത്രത്തിന്റെ ആറാട്ട്കടവ് ആണെന്നും ഇവിടെ ആനകളും വാദ്യമേളങ്ങളും നിൽക്കേണ്ട സ്ഥലമാണെന്നും ഭൂമി ദേവസ്വം വകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. 85 ശതമാനത്തോളം നിർമ്മാണം പൂർത്തിയാക്കി വൈദ്യുതി ലൈനുകൾ ബന്ധിപ്പിക്കുന്ന ജോലി സമയത്താണ് പ്രതിഷേധം തടസം സൃഷ്ടിച്ചതെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറഞ്ഞു. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പണികൾ പുനരാരംഭിച്ചു.