കോട്ടയം : മണ്ണ് നീക്കം അനിശ്ചിതത്വത്തിലായതോടെ ജില്ലാ ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി അനുവദിച്ച129.89 കോടിയുടെ പദ്ധതി അനിശ്ചിതത്വത്തിൽ. അഞ്ച് വർഷമായിട്ടും മൾട്ടി സ്‌പെഷ്യൽ ആശുപത്രിക്കായുള്ള ബഹുനില മന്ദിരത്തിന്റെ ഒന്നാംഘട്ടം നിർമ്മാണം തുടങ്ങാനായില്ല. 2018 ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഒന്നാംഘട്ടം അടുത്ത മാസം പൂർത്തിയാക്കേണ്ടിയിരുന്നതാണ്. ബഹുനില മന്ദിരത്തിന്റെ രണ്ട് നിലകൾ ഗ്രൗണ്ട് ലെവലിന് താഴെ വരുന്നതിനാൽ മണ്ണ് നീക്കണം. പ്രശ്നം പരിഹരിക്കാൻ മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കളക്ടർ ഉൾപ്പടെ നിരവധിത്തവണ യോഗം ചേർന്നെങ്കിലും പരിഹാരമായില്ല. ആശുപത്രിയ്ക്ക് സമീപത്തേക്ക് മണ്ണ് മാറ്റാൻ നിർമ്മാണ ചുമതലയേറ്റെടുത്ത ഇൻകെൽ സമ്മതം അറിയിച്ചതുമാണ്. കോടിമത മുപ്പായിക്കാട് റോഡും, മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിന് സമീപം പാർക്കിംഗ് ഗ്രൗണ്ട് ഉയർത്തുന്നതിനുമായി മണ്ണ് ഉപയോഗിക്കാമെന്ന എം.എൽ.എ, മന്ത്രി എന്നിവരുടെ നിർദ്ദേശം അംഗീകരിച്ച് ലാൻഡ് റവന്യൂ കമ്മിഷണർ നടപടിക്രമങ്ങൾ പൂർത്തിയായി. എന്നാൽ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട സീനിയറേജ് ഒഴിവാക്കുന്നതിൽ കളക്ടറുടെ ഓഫീസിന് വ്യക്തത വരാത്തതിനാൽ അന്തിമ അനുമതി ലഭിച്ചില്ല.