
കാഞ്ഞിരപ്പള്ളി : വർഗീയതയോട് സമരസപ്പെട്ട് പോരുന്നതാണ് കോൺഗ്രസിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേലക്കര പിടിച്ചെടുക്കും എന്നായിരുന്നില്ലേ യു.ഡി.എഫിന്റെ വാദം. എന്നാൽ വൻ ഭൂരിപക്ഷത്തിൽ ജനം എൽ.ഡി.എഫിനെ ജയിപ്പിച്ചു. പാലക്കാട്ട് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ
മൂന്നാമതായിരുന്ന എൽ.ഡി.എഫിന് ഇക്കുറി വോട്ടുനില മെച്ചപ്പെട്ടു. എന്നാൽ യു.ഡി.എഫ് ജയിച്ചപ്പോൾ അവർക്ക് കിട്ടിയ വോട്ടിനൊപ്പം ഞങ്ങളുടെ വോട്ടുകളുമുണ്ടെന്ന് കണക്ക് പറയുകയാണ് എസ്.ഡി.പി.ഐ. ഇങ്ങനെയാണ് യു.ഡി.എഫ് വിജയിക്കുന്നത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ചില കാര്യങ്ങൾ വേണ്ടെന്ന് പറയുന്നവരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റിഅംഗം കെ.ജെ.തോമസ് അദ്ധ്യക്ഷനായി.