കുമരകം : ഏത് നിമിഷവും കുരച്ചു ചാടി വീഴാം. ടൂറിസം ഗ്രാമമായ കുമരകത്തിന്റെ സൗന്ദര്യം നുകരാൻ എത്തുന്നവർ
തെരുവ് നയാക്കളുടെ കടിയിൽ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യത്തിനാണ്. പ്രദേശവാസികളുടെ കാര്യമാണ് കൂടുതൽ കഷ്ടം. നായശല്യത്തിൽ വശംകെട്ട് പ്രഭാതസവാരി പോലും പലരും ഉപേക്ഷിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്. കുമരകം ചൂളഭാഗം - ആപ്പിത്തറ റോഡിന്റെ ഓരത്തായി ഏതാനും ദിവസം മുമ്പ് ആറോളം നായ്ക്കുട്ടികളെ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാത്രയിൽ ബൈക്കിൽ കൊണ്ടുവന്ന് ഇങ്ങനെ നായ്ക്കളെ തള്ളുന്ന പ്രവണതയേറുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. നായ, പൂച്ച എന്നിവയുടെ കടിയേറ്റ് ദിനംപ്രതി ചികിത്സതേടുന്നവരും ഏറുകയാണ്.
കുലുക്കമില്ലാതെ പഞ്ചായത്ത്
പഞ്ചായത്തിന്റെ തെരുവുനായ നിയന്ത്രണ പദ്ധതി താളംതെറ്റിയതാണ് ജനത്തിന് ദുരിതമായത്. രാത്രികാലങ്ങളിൽ ഇരു ചക്രവാഹനങ്ങൾക്ക് കുറുകെ നായ്‌ക്കൾ ചാടുന്നത് പതിവാണ്. വഴിയരികിൽ ഉൾപ്പടെ മാലിന്യം തള്ളുന്നതാണ് ഇവ പെരുകാൻ കാരണമെന്നാണ് ആക്ഷപം. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികളെയും ഭയപ്പെടുത്തുകയാണ്. വളർത്തുമൃഗങ്ങളും നയാക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
''അരുമ മൃഗങ്ങളെ വളർത്തുകയും അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ രാത്രിയുടെ മറവിൽ തെരുവിൽ ഉപേക്ഷിയ്ക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം
-നാട്ടുകാർ