
ഇമ്മിണ്യബല്യ കലയുടെ അരങ്ങുണർന്നു
തലയോലപ്പറമ്പ്: കഥകളുടെ സുൽത്താന്റെ നാട്ടിൽ കൗമാരകലയുടെ അരങ്ങുണർന്നു. തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ, വൈസ് പ്രസിഡന്റ് ലിസമ്മ ജോസ്, ഡി.ഡി.ഇൻചാർജ് എം.ആർ. സുനിമോൾ, എസ്. ശ്രുതി, അഞ്ജു എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 17 വേദികളിലായി നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.
ഈരാറ്റുപേട്ടയും
മൗണ്ട്കാർമലും മുന്നിൽ
റവന്യു ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ ഉപജില്ല തലത്തിൽ ഈരാറ്റുപേട്ടയും സ്കൂൾ തലത്തിൽ കോട്ടയം മൗണ്ട്കാർമൽ എച്ച്.എസ്.എസും മുന്നിൽ. 172 പോയിന്റാണ് ഈരാറ്റുപേട്ടയ്ക്കുള്ളത്. 165 പോയിന്റുമായി കോട്ടയം ഈസ്റ്റ് ആണ് രണ്ടാംസ്ഥാനത്ത്. 158 പോയിന്റുമായി ചങ്ങനാശേരി മൂന്നാംസ്ഥാനത്തുണ്ട്. നാലാമത് ഏറ്റുമാനൂരും ( 150 പോയിന്റ്)അഞ്ചാമത് കുറവിലങ്ങാടുമാണ് (141പോയിന്റ്). സ്കൂളുകളിൽ കോട്ടയം മൗണ്ട്കാർമൽ 49 പോയിന്റും നേടിയാണ് ഒന്നാം സ്ഥാനത്തുള്ളത്. 43 പോയിന്റുമായി വൈക്കം എൽ.ടി.ജി.എച്ച്.എസ്.എസ്, ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്, ഇൗരാറ്റുപേട്ട ഗേൾസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളാണ് രണ്ടാംസ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസാണ് (40 പോയിന്റ്)
അപശ്രുതിയായി
വേദിയും ശബ്ദവും
ജില്ലാ റവന്യൂ സ്കൂൾ കലോത്സവ വേദിയിലെ പാകപ്പിഴകൾ തുടക്കത്തിലേ കലോത്സവത്തിന്റെ ആവേശം കെടുത്തി. വേദികളുടെ അടിസ്ഥന സൗകര്യം ഉറപ്പാക്കുന്നതിൽ സംഘാടകർക്ക് വീഴ്ച്ച പറ്റിയത് രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി. അമൃതവർഷിണി എന്നപേരിലുള്ള നാലാം വേദിയായ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ആൺകുട്ടികളുടെ നാടോടി നൃത്തം രാവിലെ 10.30 നാണ് തുടങ്ങിയത്.
ആദ്യ മത്സരാർത്ഥിയായ പുതുപ്പള്ളി എച്ച്.എസ്.എസിലെ നേബൽ ജോസ് വേദിയിൽ കയറിയപ്പോൾ സ്റ്റേജിലിട്ടിരുന്ന മാറ്റ് തെന്നാൻ തുടങ്ങി. മിനുസമുള്ള ടൈലിട്ട വേദിയിലാണ് മാറ്റ് വിരിച്ചത്. ഇതോടെ വിദ്യാർത്ഥിയ്ക്ക് വേദിയിൽ നൃത്തം അവതരിപ്പിക്കാനായില്ല. പ്രതിഷേധത്തെ തുടർന്ന് മത്സരം നിർത്തിവെച്ചു. സെല്ലോ ടേപ്പ് ഒട്ടിച്ച് മാറ്റ് ഉറപ്പിച്ചു. പാലാ എം.ജി. എച്ച്.എസ്.എസിലെ സിദ്ധു സുരേഷ് വേദിയിൽ കയറിയപ്പോൾ മാറ്റ് തകരാറിലായി സൗണ്ട് സിസ്റ്റം നിന്നുപോയി. ഇതോടെ മത്സരാർഥികളും രക്ഷിതാക്കളും വീണ്ടും പ്രതിഷേധിച്ചതോടെ മത്സരം നിർത്തിവെച്ചു. പിന്നീട് മറ്റൊരു മാറ്റ് സ്ഥാപിച്ചു. തകരാറിലായ സൗണ്ട് സിസ്റ്റത്തിനു പകരം പുതിയതെത്തിച്ച് റെഡിയാക്കി. ഉച്ചയ്ക്ക് പുനരാരംഭിച്ചു. ആദ്യം മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
ബാൻഡെന്നാൽ മൗണ്ട്കാർമൽ
ബാൻഡ് മേളത്തിൽ ഇത്തവണയും എ ഗ്രേഡ് നേടി കഞ്ഞിക്കുഴി മൗണ്ട്കാർമൽ മൂന്ന് പതിറ്റാണ്ടായുള്ള വിജയഗാഥ തുടരുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ തുടർച്ചയായി 30-ാം വർഷമാണ് മൗണ്ട് കാർമൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടുന്നത്. അഞ്ച് ടീമകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. റിട്ട.സി.ഐ ആയ കെ.ജെ.സാബുവാണ് 25 വർഷമായി സ്കൂളിലെ ബാൻഡ് പരിശീലകൻ.
വേദി ചതിച്ചിട്ടും ഫസ്സ് സിദ്ധുവിന് തന്നെ
തുടികൊട്ടുന്ന ചോമന്റെ കഥ പറഞ്ഞെത്തിയ സിദ്ധു സുരേഷിനെ വേദിയും മൈക്കും ചതിച്ചെങ്കിലും വിജയം വിട്ടു കൊടുത്തില്ല. രണ്ടാമത് കിട്ടിയ അവസരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സിദ്ധു വേദി വിട്ടത്. ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിലാണ് പാലാ ഗവ.എം.ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി സിദ്ധു എ ഗ്രേഡ് നേടിയത്. വേദിയിലെ കാർപ്പെറ്റ് ഇളകിയതും, സാങ്കേതിക കാരണങ്ങളാൽ പാട്ട് നിന്നു പോയതും കാരണമാണ് സിദ്ധുവിന്റെ മത്സരം തടസപ്പെട്ടത്. രക്ഷിതാക്കളും പരിശീലകരും പ്രതിഷേധവുമായെത്തിയതോടെ സിദ്ധുവിന് വീണ്ടും അവസരം നൽകുകയായിരുന്നു. സംസ്ഥാന കലോത്സവത്തിൽ രണ്ടുപ്രാവശ്യം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട് സിദ്ധു.
പരിക്കിനെ തോൽപ്പിച്ചും മത്സരത്തിൽ പങ്കെടുത്തു
ഇടതുകാലിൽ ബാൻഡേജിട്ട് അതിന് മുകളിൽ ചിലങ്കകെട്ടിയാണ് അയോണ നാടോടി നൃത്തവേദിയിലെത്തിയത്. ഉപജില്ലാ കലോത്സവത്തിൽ വീണ് എല്ലിന് പൊട്ടലേറ്റ് ചികിത്സയിലായിരുന്ന അരുവിത്തുറ സെയ്ന്റ് ജോർജ് ഹൈസ്ക്കൂളിലെ അയോണ ബൈജുവിന് ജില്ലാ കലോത്സവത്തിൽ മത്സരിക്കണമെന്ന ആഗ്രഹത്തിന് വേദന വിലങ്ങുതടിയായില്ല. യു.പി.വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം കാലിലെ പ്ലാസ്റ്റർ അഴിച്ചുമാറ്റി പകരം ബാൻഡേജ് ധരിച്ച് മത്സരത്തിനെത്തുകയായിരുന്നു.