പാലാ : സഹപാഠിയുടെ വിഷമകാലത്ത് ഒപ്പം ചേർന്നുനിൽക്കുന്നതാണ് പാഠം ഒന്ന് എന്ന് പഠിപ്പിച്ചുതരികയാണ് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സായ വിദ്യാർത്ഥികൾ. വർഷങ്ങളായി വാടകവീട്ടിൽ അന്തിയുറങ്ങുന്ന 8, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളുടെ ദുരിതം അവർ കണ്ടറിഞ്ഞു. രണ്ടാമതൊന്നും ആലോചിച്ചില്ല വീടെന്ന സഹപാഠികളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒന്നിച്ചിറങ്ങി. ഇതിനായി സ്വന്തമായി നിർമ്മിച്ച ഡിഷ് വാഷ് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വീടുകളിലും, പരിസര പ്രദേശങ്ങളിലെ വീടുകളിലും, അദ്ധ്യാപകർക്കും വില്പന നടത്തിയും, സ്‌ക്രാപ്പ് ചലഞ്ച് നടത്തിയും പണം കണ്ടെത്തി. സ്‌നേഹഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും, പെയിന്റിംഗിലും കൈയ്‌മെയ് മറന്ന് ഒപ്പംകൂടി. പിന്തുണയുമായി അദ്ധ്യാപകരും, രക്ഷാകർത്താക്കളും, നാട്ടുകാരും ഒപ്പം കൂടിയപ്പോൾ മുത്തോലിയിൽ സ്‌നേഹഭവനം ഉയർന്നു. അവസാനഘട്ട പണികൾ പൂർത്തിയാക്കി ഡിസംബർ രണ്ടാം വാരം പുതിയ വീട്ടിൽ സഹപാഠികൾക്ക് വാസമൊരുക്കാമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും, അദ്ധ്യാപകരും. പ്രിൻസിപ്പൽ ഫാ. സോമി മാത്യു, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. പി. ജെ. സിന്ധുറാണി, പി.ടി.എ. പ്രസിഡന്റ് സജു കൂടത്തിനാൽ, ബെന്നി മാത്യു, ജിൽസ് കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.