ബോധപൗർണ്ണമി സെമിനാർ പുതുതലമുറയ്ക്ക് അവബോധമായി
പാലാ : സാമൂഹ്യപ്രതിബദ്ധതയാണ് കേരളകൗമുദിയുടെ മുഖമുദ്രയെന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു. കേരളകൗമുദി പാലാ എക്‌സൈസ് സർക്കിൾ ഓഫീസുമായി സഹകരിച്ച് പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ബോധപൗർണ്ണമി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയെ മദ്യമയക്കുമരുന്ന് മാഫിയയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനും ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനുമായി കേരളകൗമുദിയും, എക്‌സൈസും കൈകാർത്ത് നടത്തുന്ന പരിശ്രമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ റീനമോൾ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങൾ യുവതലമുറയെ കാർന്നുതിന്നാനൊരുങ്ങുന്ന കാലഘട്ടത്തിൽ ഇത്തരം സെമിനാറുകൾ മാതൃകാപരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. നേരിട്ട് രക്തത്തിലേക്ക് പ്രവേശിക്കുന്ന ലഹരിവസ്തുക്കളിൽ അടിമപ്പെട്ടാൽ പിന്നീടൊരിക്കലും മോചനമുണ്ടാകില്ലെന്ന് ശാസ്ത്രീയ നിഗമനങ്ങൾ വിശദീകരിച്ച് പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദ് പറഞ്ഞു. കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർമാരായ എ.ആർ. ലെനിൻമോൻ, സതീഷ് കെ, സ്‌കൂൾ ഹെഡ്മാസ്റ്റർ നൗഷാദ് എം.കെ, അദ്ധ്യാപകൻ പി.ബി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രാജൻ സെബാസ്റ്റ്യൻ സ്വാഗതവും, കേരള കൗമുദി പാലാ ലേഖകൻ സുനിൽ പാലാ നന്ദിയും പറഞ്ഞു. പാലാ എക്‌സൈസ് സർക്കിൾ ഓഫീസിലെ അസി. ഇൻസ്‌പെക്ടർ ജോക്‌സി ജോസഫ് സെമിനാർ നയിച്ചു. ഇരുന്നൂറോളം വിദ്യാർത്ഥികളാണ് സെമിനാറിൽ പങ്കെടുത്തത്.
മകൻ ലഹരിവലയിൽ, ഇടനെഞ്ച് തകർന്ന് ഒരച്ഛൻ
എക്‌സൈസ് അസി. ഇൻസ്‌പെക്ടർ ജോക്‌സി ജോസഫിന്റെ വാക്കുകകളിലേക്ക് : ''ഈരാറ്റുപേട്ടയ്ക്കടുത്ത് അടിവാരം വഴി പാലാ എക്‌സൈസ് സംഘം യാത്ര തിരിക്കവെ മുന്നിൽ ഒരു ഇന്നോവ കണ്ടു. എക്‌സൈസിന്റെ വണ്ടി കണ്ടതേ കാറിലുണ്ടായിരുന്ന ആറ് വിദ്യാർത്ഥികൾ പുറത്തേക്കെന്തോ എറിയുന്നത് കണ്ടു. സംശയം തോന്നി ഞങ്ങൾ വണ്ടി നിറുത്തി''. ഞങ്ങൾ അടുത്ത് ചെന്ന് വിദ്യാർത്ഥിളോട് ചോദിച്ചു. നിങ്ങളെന്താണ് പുറത്തേക്കെറിഞ്ഞത്. ഒന്നും എറിഞ്ഞില്ലെന്ന് മറുപടി. സംശയം തോന്നി മൊബൈൽ ഫോണുകൾ പരിശോധിച്ചു. വാട്‌സ് ആപ്പിലെ ചാറ്റുകളെല്ലാം ലഹരിവില്പനയുമായി ബന്ധപ്പെട്ട്. മാതാപിതാക്കളെ വിളിച്ചുവരുത്തി. ഒരാൾ ബാങ്ക് ജീവനക്കാർ, ഒരമ്മ കളക്ടറേറ്റ് ഉദ്യോഗസ്ഥ, മറ്റൊരാളുടെ അച്ഛൻ റബർടാപ്പിംഗ് തൊഴിലാളി. മക്കൾ ലഹരിയുടെ വഴിയിലാണെന്ന് തെളിവുകൾ സഹിതം ബോദ്ധ്യപ്പെടുത്തിയപ്പോഴും റബർ ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ പറഞ്ഞു; ''സാറെ എന്റെ മകൻ ലഹരിയുടെ വഴിയേ പോവില്ല, ഞാനവനെ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. എന്റെ ബുദ്ധിമുട്ടവന് അറിയാം. പക്ഷേ തെളിവുകൾ കൂടുതൽ നിരത്തിയപ്പോൾ ആ അച്ഛന്റെ കണ്ണ് നിറഞ്ഞു. എക്‌സൈസ് ഓഫീസിലിട്ട് മകനെ പലതവണ അടിച്ചു. ഒടുവിൽ അദ്ദേഹത്തെ പിടിച്ച് മാറ്റുകയായിരുന്നു. ലഹരി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം നൈമിഷികമാണെന്നും ഇവയുടെ നിരന്തരമായ ഉപയോഗം അകാലമരണത്തിന് വഴിവയ്ക്കുമെന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദും പറഞ്ഞു.