
ചിലങ്കയണിഞ്ഞ്, ആടി തിമിർത്ത് കോട്ടയം ജില്ലാ കലോത്സവ വേദികൾ രണ്ടാംദിനത്തിൽ ആവേശോജ്ജ്വലമായി. വൈറൽ ഡാൻസുകാരി പ്രാർത്ഥനയും ഭരതനാട്യ വേദിയിലെത്തി. മത്സരങ്ങൾ ഒന്നിനൊന്ന് മികച്ച തായിരുന്നു. വേദികളും പരിസരവും വൃത്തിയാക്കുന്നതിനും ഹരിതസേനാംഗങ്ങളും കർമ്മനിരതരായി ഉണ്ടായിരുന്നു.
കോട്ടയം 
ഈസ്റ്റും  എം.ജി.എം 
ളാക്കാട്ടൂരും
കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ ഉപജില്ല തലത്തിൽ കോട്ടയം ഈസ്റ്റ് 436 പോയിന്റുമായി മുന്നിലെത്തി. 406 പോയിന്റുമായി ചങ്ങനാശേരിയാണ് രണ്ടാമത്. 394 പോയിന്റുമായി കുറവിലങ്ങാടും 391 പോയിന്റുമായി ഏറ്റുമാനൂരും ഈരാറ്റുപേട്ടയും പിന്നാലെ കുതിക്കുന്നു. സ്കൂൾ തലത്തിൽ എം. ജി.എം സ്കൂൾ ളാക്കാട്ടൂർ 147 പോയിന്റുമായി ഒന്നാമതെത്തി.  മുസ്ലീം ഗേൾസ് സ്കൂൾ ഈരാറ്റുപേട്ട (119 പോയിന്റ്), മൗണ്ട് കാർമൽ കോട്ടയം (106 പോയിന്റ്), കിടങ്ങൂർ എൻ.എസ്.എസ് എച്ച്.എസ് (106 പോയിന്റ്) എന്നീ സ്കൂളുകൾ പിന്നാലെയുണ്ട്.
അമ്പരിപ്പിച്ച് ഒപ്പന
പങ്കെടുത്തവരെല്ലാം നിലവാരം പുലർത്തിയ മത്സരങ്ങളായിരുന്നു ഒപ്പന. ഒന്നിനൊന്ന് മെച്ചമായിരുന്നു എല്ലാ ടീമുകളുടെയും പ്രകടനമെന്ന് വിധി കർത്താക്കൾ വിലയിരുത്തി. ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിന് എട്ടു ടീമുകളാണ് പങ്കെടുത്തത്.തിരഞ്ഞെടുത്ത പാട്ടുകളും അലങ്കാരവും ചമയങ്ങളുമെല്ലാം മത്സരങ്ങൾക്ക് കൂടുതൽ പകിട്ടാർന്നു. ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ  പ്രതീക്ഷിച്ച പോലെ വിജയം നേടി കോട്ടയം സെന്റ് ആൻസ് ഗേൾസ് എച്ച്.എസ്.എസ്. കഴിഞ്ഞ സംസ്ഥാന കലോത്സവങ്ങളിലും മൂന്നുവട്ടം അടുപ്പിച്ച് ഇവർ എ ഗ്രേഡ് നേടിയിരുന്നു. ബിജു കണ്ണൂരിന്റെ നേതൃത്വത്തിലാണ് 18 വർഷമായി പരിശീലനം.
കുച്ചിപ്പുടിയിൽ 
പ്രതിഷേധം
മികച്ച പ്രകടനങ്ങൾക്കൊടുവിൽ വിധി വന്നപ്പോൾ കുച്ചിപ്പുടി വേദിയിൽ കൂട്ടബഹളം. ഹയർസെക്കൻഡറി വിഭാഗം മത്സരത്തിൽ 12 പേരാണ് പങ്കെടുത്തത്. വിജയിയെ പ്രഖ്യാപിച്ചപ്പോൾ വിധികർത്താക്കൾക്ക് പിഴവു പറ്റിയെന്നാരോപിച്ച് രക്ഷിതാക്കളും പരിശീലകരും ബഹളംവെച്ചു. സംസ്ഥാന തലത്തിലേക്കുള്ള വിജയിയെ മാത്രം പ്രഖ്യാപിച്ച് വിധി കർത്താക്കൾ ഉച്ചഭക്ഷണം കഴിക്കാൻ പോയി. ഇവർ തിരികെയെത്തിയപ്പോൾ വീണ്ടും ബഹളമുണ്ടായി. കടുത്തുരുത്തി എ.ഇ.ഒയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മൂന്ന് മത്സരാർഥികൾ വേദിക്ക് മുൻപിൽ പ്രതിഷേധിച്ചതോടെ ഒടുവിൽ പോലീസെത്തി പ്രതിഷേധക്കാരെ വേദിയിൽ നിന്നും മാറ്റി.
ഒരുങ്ങാനിടമില്ല, ഒടുവിൽ സദസ്
ഗ്രീൻ റൂമാക്കി
വസ്ത്രം മാറാനും ഒരുങ്ങാനും സംഘാടകർ സൗകര്യമൊരുക്കാതിരുന്നതിനെ തുടർന്ന് സദസും പരിസരവും ഗ്രീൻ റൂമാക്കി മത്സരാർത്ഥികളും പരിശീലകരും. ഏകാംഗ നാടകം, അവതരണ മത്സരങ്ങൾക്കെത്തിയവർക്കാണ് ബുദ്ധിമുട്ടുണ്ടായത്. സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു ആദ്യം വേദി ഒരുക്കിയിരുന്നത്. തുടർന്ന് സമീപത്തെ പാരിഷ് ഹാളിലേക്ക് മാറ്റി. ഇതോടെ വിദ്യാർഥികളുമായി വിവിധ സ്കൂളുകളിൽ നിന്നെത്തിയ അദ്ധ്യാപകരും പരിശീലകരും വലഞ്ഞു. പാരിഷ് ഹാളിൽ വസ്ത്രം മാറാനും ഒരുങ്ങാനും വേണ്ട ക്രമീകരണമില്ലായിരുന്നു. ഇതോടെ ഹാളിനുള്ളിലും പരിസരത്തും നിന്നാണ് മത്സരാർത്ഥികൾ ഒരുങ്ങിയത്.
യക്ഷഗാനത്തിൽ
മിന്നി കിടങ്ങൂർ
എച്ച്.എസ്.എസ് വിഭാഗം യക്ഷഗാന മത്സരത്തിൽ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിന്റെ സങ്കടം മാറ്റി കിടങ്ങൂർ എൻ.എസ്.എസ് എച്ച്.എസ്.എസ്.
ഇത്തവണ ഒന്നാമൻമാരായാണ് കിടങ്ങൂർ സ്കൂളിന്റെ മടക്കം. ജില്ലാ തലത്തിൽ മത്സരിക്കുന്നത് ഇത് രണ്ടാം തവണ മാത്രം. കഴിഞ്ഞ വർഷം അപ്പീലിലൂടെ സംസ്ഥാന തലത്തിൽ പോയി എ ഗ്രേഡ് നേടിയിരുന്നു. കാസർഗോഡ് സ്വദേശി മാധവൻ നെട്ടണികയുടെ ശിക്ഷണത്തിൽ ഐശ്വര്യ ക്യാപ്റ്റനായാണ് ടീം ഇറങ്ങിയത്. തുടർച്ചയായ ആറാം വിജയം ലക്ഷ്യം വച്ച് വന്ന ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ഹയർ സെക്കൻഡറി സ്കൂളിനെ അട്ടിമറിച്ചായിരുന്നു കിടങ്ങൂരിന്റെ കുതിപ്പ്.