വേണാട് എക്സ്പ്രസിലെ തിരക്കിൽ കാര്യമായ കുറവില്ല


കോട്ടയം: ഞങ്ങളുടെ യാത്രാദുരിതം എന്ന് അവസാനിക്കും? രാവിലെ ഏറണാകുളത്തേക്കുള്ള ട്രെയിൻ യാത്രികർ കാലങ്ങളായി ഉയർത്തുന്ന ചോദ്യമാണ്. വേണാട് എക്സ്പ്രസിലെ യാത്രാദുരിതം അവസാനിപ്പിക്കാൻ മെമു സർവീസ് ആരംഭിച്ചപ്പോൾ തിരക്കിന് പരിഹാരമാകുമെന്ന് കരുതി. എന്നാൽ വേണാടിലെ തിരക്കിൽ കാര്യമായ കുറവില്ലെന്നാണ് യാത്രക്കാർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ സ്‌പെഷ്യൽ മെമു സർവീസ് ശനിയാഴ്ച കൂടി ഉറപ്പാക്കണമെന്നും ഒപ്പം ചിങ്ങവനത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.


നീട്ടിയത് ആറു മാസത്തേയ്ക്ക്


ഒക്‌ടോബർ ഏഴിന് ആരംഭിച്ച സർവീസ് നിലവിൽ ഡിസംബർ വരെയെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ തിരക്ക് നിലനിൽക്കുന്നതിനാൽ ആറു മാസത്തേയ്ക്കു കൂടി സർവീസ് ദീർഘിപ്പിക്കുകയായിരുന്നു. മെയ് 30 വരെ നീട്ടിയാണ് പുതിയ ഉത്തരവ്. കോട്ടയം വഴിയുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിച്ചത്. രാവിലെ 6.50ന് പാലരുവി കടന്നുപോയാൽ പിന്നീട്, 8.30നുള്ള വേണാട് മാത്രമായിരുന്നു എറണാകുളം ഭാഗത്തേയ്ക്കുണ്ടായിരുന്നു. ഇതോടെ യാത്രക്കാർ ഏറെ വലഞ്ഞു. വേണാടിൽ തിരക്കു മൂലം യാത്രക്കാർ കുഴഞ്ഞു വീഴുക കൂടി ചെയ്തതോടെ പ്രതിഷേധം ശക്തമായത്. ഇതോടെയാണ് കൊല്ലം എറണാകുളം റൂട്ടിൽ മെമു സർവീസ് ആരംഭിക്കാൻ റെയിൽവേ നിർബന്ധിതമായത്. കൊല്ലത്തു നിന്നെത്തി കോട്ടയത്തു നിന്ന് 7.58നു പുറപ്പെടുന്ന ട്രെയിൻ, 9.35ന് എറണാകുളം സൗത്തിലെത്തും. തിരികെ 9.50നു എറണാകുളത്തു പുറപ്പെട്ടു 11.10നു കോട്ടയത്തെത്തുന്ന ട്രെയിൻ 1.35നു കൊല്ലത്തു യാത്ര അവസാനിപ്പിക്കും. രാവിലെ പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയിലായതിനാൽ എറണാകുളം ഭാഗത്തേയ്ക്കുള്ള നൂറുകണക്കിനു യാത്രക്കാർക്കു പ്രയോജനകരമായി മാറിയിരുന്നു.

തിങ്കൾ മുതൽ വെള്ളി വരെ


തിങ്കൾ മുതൽ വെള്ളി വരെയാണ് നിലവിൽ മെമു സർവീസ്. മെമു സ്ഥിരം സർവീസാക്കണമെന്ന് യാത്രക്കാരുടെ ആവശ്യം.