hiranmay-and-familyv

തലയോലപ്പറമ്പ് : ലാലേ,ലാലേ, ലാലലോ ....കൊട്ടിപ്പാട്ടിന്റെ താളലഹരിയിൽ ആറാടുകയായിരുന്നു ഇന്നലെ കലോത്സവനഗരി. കളർഫുൾ മത്സരയിനങ്ങൾ നടന്ന വേദികൾ എല്ലാം ഹൗസ് ഫുൾ. പുതിയതായി കൂട്ടിച്ചേർത്ത ഗോത്രവർഗ കലാരൂപങ്ങൾ നടന്ന വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക ഹാളായിരുന്നു ശ്രദ്ധാകേന്ദ്രം. ഇരുള നൃത്തവും, മലപ്പുലയാട്ടവും, പളിയ നൃത്തവും, പണിയനൃത്തവുമൊക്കെ ഒന്നിനൊന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് പലരും വേദിയിലെത്തിയത്. കിട്ടുമുട്ടിയും, ചക്കുവാദ്യവും, സുഷിരവാദ്യങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങി നിന്നു. മാർഗംകളി, നാടകം, മിമിക്രി, കഥാപ്രസംഗം തുടങ്ങിയ മത്സരങ്ങളും വിവിധ വേദികളിൽ അരങ്ങേറി.

മലപ്പുലയാട്ടത്തിൽ കുമാരനല്ലൂർ

ഹൈസ്‌കൂൾ വിഭാഗം മലപ്പുലയാട്ട മത്സരത്തിൽ കുമാരനല്ലൂർ ദേവി വിലാസം സ്‌കൂളിന് എ ഗ്രേഡ്. എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അദ്ധ്യാപകരായ എച്ച്.അഖിലും, ലക്ഷ്മി വിജയനുമായിരുന്നു ആദ്യ പരിശീലകർ. ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തതോടെ ഗോത്രകലയിൽ ഗവേഷണം നടത്തുന്ന എസ്.സരിതയും, കെ.എസ്.ശ്യാമും പരിശീലകരായി എത്തി. എല്ലാ നിബന്ധനകളും കൃത്യമായി പാലിച്ച ടീമിനെ വിധികർത്താക്കൾ അഭിനന്ദിച്ചു.

ശ്രുതി മധുരം മീട്ടി സഹോദരങ്ങൾ

യു.പി.വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ എച്ച്.ചിന്മയിയും, ഹൈസ്കൂൾ വിഭാഗത്തിൽ സഹോദരി എച്ച്.ഹിരൺമയിയും എ ഗ്രേഡ് നേടിയപ്പോൾ മനം നിറഞ്ഞ് മാതാപിതാക്കൾ. ശാസ്ത്രീയ സംഗീത അദ്ധ്യാപകരായ വാഴപ്പള്ളി ഹരിദീപത്തിൽ ഹരിരാഗ് നന്ദനും, ദീപയുമാണ് ഇരുവരുടെയും ഗുരുക്കന്മാർ. ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. ചിങ്ങവനം എൻ.എസ്.എസ്.എച്ച്.എസ്.എസ് വിദ്യാർത്ഥിനികളാണ്.

ളാക്കാട്ടൂരിന്റെ ചിറകിൽ കോട്ടയം ഈസ്റ്റ്

ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്.എച്ച്.എസ്.എസിന്റെ കരുത്തിൽ ജില്ലാ സ്‌കൂളിൾ കലോത്സവത്തിൽ കോട്ടയം ഈസ്റ്റിന്റെ മുന്നേറ്റം. 646 പോയിന്റാണുള്ളത്. ചങ്ങനാശേരി : 628, ഏറ്റുമാനൂർ : 600, കുറവിലങ്ങാട് : 592 എന്നിവർ തൊട്ടുപിന്നിലുണ്ട്. സ്‌കൂൾതലത്തിൽ ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്.എച്ച്.എസ്.എസ് : 241,
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് : 173, കിടങ്ങൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് : 160

മൗണ്ട് കാർമൽ എച്ച്.എസ്.എസ് : 147 എന്നിങ്ങനെയാണ് പോയിന്റ് നില.

തോൽപ്പിക്കാനാവില്ല മക്കളേ...

തലയോലപ്പറമ്പ് : ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃത നാടക മത്സരത്തിൽ കുമാരനല്ലൂർ ദേവി വിലാസം സ്‌കൂൾ പത്താം തവണയും ജേതാക്കൾ. യു.പി.വിഭാഗം മത്സത്തിലും എ ഗ്രേഡുണ്ട്. രാമായണ പശ്ചാത്തലത്തിൽ സീതയെ തേടി ലങ്കയിലെത്തുന്ന ഹനുമാന്റെ കഥയാണ് അവതരിപ്പിച്ചത്. സംസ്‌കൃത അദ്ധ്യാപകനായ പി.സുധീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശീലനം.