പാലാ: സ്വന്തമായൊരു വീടെന്ന 159 കുടുംബങ്ങളുടെ സ്വപ്നം ഇന്ന് സഫലമാകുമ്പോൾ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെയും സഹപ്രവർത്തകരുടെയും മനസ് നിറയുകയാണ്. പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയം മറന്ന് ഒരേ മനസോടെ പ്രവർത്തിച്ചപ്പോൾ അതിനുള്ള ഉത്തരമായി മാറുകയാണ് ലൈഫ് പദ്ധതിയുടെ വിജയം. ലൈഫ് പദ്ധതി പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി മാറുകയാണ് മീനച്ചിൽ. പ്ലാൻ ഫണ്ട് 100 ശതമാനം ചെലവഴിച്ച ജില്ലയിലെ ഏക പഞ്ചായത്ത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ബ്ലോക്കിലും ഒന്നാമത്. ഓഫീസിൽ സാധുക്കളെ സഹായിക്കാൻ ഏതു സമയവും തുറന്നിരിക്കുന്ന സ്‌നേഹത്തിന്റെ കട തുറന്നൊരു ഷെൽഫും. നേട്ടങ്ങളുടെ നെറുകയിലാണ് മീനച്ചിൽ പഞ്ചായത്ത്. ലൈഫ് മിഷൻ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും ഇന്ന് 2ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് സാജോ ജോൺ പൂവത്താനി, വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, മെമ്പർമാരായ ഇന്ദുപ്രകാശ്, നളിനി ശ്രീധരൻ, ബിജു ടി.ബി, ലിസമ്മ സാജൻ, ജോയി കുഴിപ്പാല, വിഷ്ണു പി.വി, പുന്നൂസ് പോൾ, ഷേർലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ എന്നിവർ പ്രസംഗിക്കും.


ഷെൽഫ് ഓഫ് ലൗ

ക്ഷീരകർഷകർക്കായുള്ള ക്ഷീരഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കമാവും. ഭിന്നശേഷിക്കാർക്ക് ഹിയറിംഗ് എയ്ഡ്, വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ, ലാപ്പ്‌ടോപ്പ് വിതരണം, ഷെൽഫ് ഓഫ് ലൗവ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ഷെൽഫ് ഓഫ് ലൗ പദ്ധതിയാണ് പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയം. പഞ്ചായത്തിലെ ജനങ്ങൾക്ക് അവരുടെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ദൈനംദിന ഉപയോഗ വസ്തുക്കളും ഉൾപ്പെടെ മറ്റുള്ളവർക്ക് ഉപയോഗപ്രദമെന്ന് തോന്നുന്ന എന്തും പഞ്ചായത്ത് ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ള ഷെൽഫിൽ വയ്ക്കാം. ആവശ്യക്കാർക്ക് അത് ഇവിടെയെത്തി ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.


ഫോട്ടോ അടിക്കുറിപ്പ്

സാജോ പൂവത്താനി, പഞ്ചായത്ത് പ്രസിഡന്റ്