കോട്ടയം : മോഷണ കേസുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് നെടുവോട് ഭാഗത്ത് പൂമങ്ങലോരത്ത് മൊയ്തീൻ പി.എം (55)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കഞ്ഞിക്കുഴി ഭാഗത്തെ രണ്ടു വീടുകളിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് 16 പവൻ സ്വർണാഭരണങ്ങളും, 29,500 രൂപയും മോഷ്ടിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണ മുതൽ മൊയ്തീന് കൈമാറിയതായി കണ്ടെത്തിയത്. തുടർന്ന് മൊയ്തീൻ ഒളിവിലായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു.ശ്രീജിത്ത്, എസ്.ഐ ഷമീർഖാൻ, സി.പി.ഓ മാരായ ഷാൻ, വിവേക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.