തലയോലപ്പറമ്പ്: വെള്ളൂരിൽ മോഷണത്തിന് ശ്രമിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. കന്യാകുമാരി മൻകോട് സ്വദേശി എഡ്വിൻ ജോസ് (45) നെയാണ് ഇന്നലെ രാവിലെ 11.30 ഓടെ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടികൂടിയത്. ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന ഇയാൾ പൊലീസ് കണ്ടതോടെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.ഇയാളുടെ ബാഗിൽ നിന്നും വാതിലുകളും പൂട്ടും തുറക്കുന്ന ആയുധങ്ങൾ ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള വീട്ടിൽ കയറുന്നതിനിടെ നാട്ടുകാർ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ഏറ്റുമാനൂർ, കായംകുളം, കോട്ടയം ഈസ്റ്റ് തുടങ്ങി വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്..