la

തലയോലപ്പറമ്പ് : നാലുദിനങ്ങളിലായി കഥകളുടെ സുൽത്താന്റെ നാട്ടിൽ നടന്ന കൗമാരകലയ്ക്ക് കൊടിയിറങ്ങി. 823 പോയിന്റുമായി കോട്ടയം ഈസ്റ്റ് ഉപജില്ല ഓവറാൾ കിരീടം നേടി. 799 പോയിന്റോടെ ചങ്ങനാശേരി,​ 765 പോയിന്റോടെ കുറവിലങ്ങാടും രണ്ടും,​ മൂന്നും സ്ഥാനം നേടി. സ്‌കൂൾ വിഭാഗത്തിൽ 286 പോയിന്റ് നേടി എം ജി എം ളാക്കാട്ടൂർ ഹയർസെക്കൻഡറി സ്‌കൂൾ ഇക്കുറിയും കിരീടം നിലനിറുത്തി. 231 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും,​ 200 പോയിന്റോടെ കോട്ടയം മൗണ്ട് കാർമൽ സ്‌കൂളും രണ്ടും മൂന്നും സ്ഥാനം നേടി.

സംസ്‌കൃതോത്സവം യു പി വിഭാഗത്തിൽ 82 പോയിന്റും,​ ഹൈസ്ൾകൂ വിഭാഗം 90 പോയിന്റും നേടി കോട്ടയം വെസ്റ്റ് ചാമ്പ്യന്മാരായി. അറബി കലോത്സത്തിൽ യു.പി വിഭാഗം 61 പോയിന്റ് നേടി കോട്ടയം ഈസ്റ്റും, ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിന്റോടെ ഈരാറ്റുപേട്ടയും ചാമ്പ്യന്മാരായി.

സമാപന സമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി ഡി ഇൻ ചാർജും കലോത്സവം ജനറൽ കൺവീനറുമായ എം ആർ സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആശിഷ്, അനി ചെള്ളാങ്കൽ, രഞ്ജു ഉണ്ണികൃഷ്ണൻ, എം ടി ജയമ്മ, ഷിജി വിൻസന്റ്, ഡൊമിനിക് ചെറിയാൻ, കെ പി ഷാനോ, സ്‌കൂൾ പ്രഥമാധ്യാപിക സി മായാദേവി തുടങ്ങിയവർ പങ്കെടുത്തു.

മംഗലംകളിയിൽ തുള്ളിപ്പാടി
കേൾക്കുന്ന പാടെ മലയാളികൾ തുള്ളിത്തുടങ്ങുന്ന നാടൻപാട്ടുകൾ. സ്‌കൂൾ കലോത്സവത്തിന്റെ അവസാനദിനം പാട്ടിനൊപ്പം പുന്നത്തുറ സെന്റ് തോമസ് ഗേൾസ് എച്ച് എസ് വിദ്യാർത്ഥികൾ ചുവട് വച്ചപ്പോൾ മംഗലം കളി വേദിയിൽ നിറഞ്ഞ കൈയടി. ലോത്സവത്തിൽ ഗോത്രകലയായ മംഗലംകളി മത്സരയിനമാക്കിയശേഷം ജില്ലാതലത്തിലെ ആദ്യ വിജയികളാണിവർ. കാസർകോടിന്റെ ഗോത്ര കലയായ മംഗലംകളിയെ കൂടുതൽ അടുത്തു അറിയാൻ കഴിഞ്ഞതായും തങ്ങൾക്ക് ഇതാെരു പുതിയൊരു അനുഭവമായിരുന്നെന്നും കുട്ടികൾ പറയുന്നു. രണ്ട് മാസമായിരുന്നു പരിശീലനം. നാടൻ കലാകാരനായ റംഷി പട്ടുവായായിരുന്നു പരിശീലകൻ.

ശ്യാമിന് ഇത് ഇരട്ടി മധുരം
കിടങ്ങൂർ വിദ്യാമന്ദിരം സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനും മുൻ കലാപ്രതിഭയുമായ എസ് ശ്യാമിന് കലോത്സവത്തിൽ ശിഷ്യർ സമ്മാനിച്ചത് ഇരട്ടിമധുരം. യു പി വിഭാഗം അക്ഷര ശ്ലോകത്തിന് ആരാധ്യ അനൂപും, യു.പി വിഭാഗം സിദ്ധരൂപത്തിനും കഥാകഥനത്തിനും വസുദേവ് ശ്രീകുമാറും, എച്ച് എസ് വിഭാഗം ആൺകുട്ടികളുടെ പാഠകം, ചാക്യാർ കൂത്ത് മത്സരങ്ങളിൽ എം.എൻ.ശരണും, പെൺകുട്ടികളുടെ പാഠക മത്സരത്തിൽ മയൂഖ രാജീവും എ ഗ്രേഡ് നേടി.

മിന്നിത്തിളങ്ങി ദേവിക
മിനി സ്‌ക്രീനിൽ മാത്രമല്ല കലോത്സവ വേദിയിലും നിറഞ്ഞാടി ചലച്ചിത്ര ബാലതാരം ജെ ദേവിക. യു പി വിഭാഗം മോണോ ആക്ടിലായിരുന്നു എ ഗ്രേഡോടെ ഒന്നാം സ്ഥാനം. വിമാനം തകർന്ന് ആമസോൺ വനാന്തരങ്ങളിൽ അകപ്പെട്ട കുട്ടികളുടെ പശ്ചാത്തലമായിരുന്നു അവതരിപ്പിച്ചത്. യൂട്യൂബിന്റെ സഹായത്തോടെയായിരുന്നു പരിശീലനം. ഒറ്റമരം, ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ദൈവത്തിൻ കുന്ന് എന്നീ സിനിമകളിലും വേഷമിട്ടുണ്ട്. കുമാരനല്ലൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംസ്‌കൃത അക്ഷരശ്ലോകത്തിലും, സംസ്‌കൃത നാടകത്തിലും ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. കുമാരനല്ലൂർ ദേവീകൃപ വീട്ടിൽ ജ്യോതിബാബു ഭാഗ്യശ്രീ ദമ്പതികളുടെ ഏക മകളാണ്.