
ആധുനിക കേരളത്തിന്റെ മുഖം ആദർശസുരഭിലവും സംസ്കാരസമ്പന്നവുമാക്കുന്നതിൽ ശ്രീനാരായണ ഗുരുവും ഡോ. പല്പുവും കുമാരനാശാനും അനുഷ്ഠിച്ച നിസ്തുല സേവനങ്ങൾ വേണ്ട രീതിയിൽ എഴുതപ്പെട്ടിട്ടില്ല. ആധുനിക കേരളത്തിന്റെ മുഖ്യശില്പികളിൽ ഒരാളായി അറിയപ്പെടേണ്ട മഹാപുരുഷനാണ് ഡോ.പല്പു. അറിഞ്ഞോ അറിയാതെയോ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിനു നൽകുന്നതിൽ ഒട്ടുമിക്ക ചരിത്രകാരന്മാരും മുഖംതിരിഞ്ഞു നില്ക്കുകയാണ് ചെയ്തത്. ഡോ പല്പു ജീവരക്തം നൽകി വളർത്തിയെടുത്ത പ്രസ്ഥാനത്തിന്റെ അമരക്കാരും പിന്മുറക്കാരും അദ്ദേഹത്തെ അവഗണിക്കുന്ന കാര്യത്തിൽ മുന്നിലായിരുന്നു. അസാധാരണമായ തന്റേടവും അനിതരമായ സാഹസികതയും അനുകരിക്കാനാവാത്ത ദീനാനുകമ്പയും ജീവിതത്തിലുടനീളം പുലർത്തിയ ആ മഹാനുഭാവന്റെ ജീവിതം, കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ കൂടിയാണ്.
തിരുവനന്തപുരത്ത് പേട്ടയിൽ തച്ചക്കുടി പപ്പുവിന്റയും മാതപ്പെരുമാളിന്റെയും ഏഴു മക്കളിൽ മൂന്നാമനായി പല്പു ജനിച്ചു (1863 നവംബർ രണ്ട്). ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളിലും മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ തച്ചക്കുടി പപ്പു അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. മൂത്ത മകൻ വേലായുധൻ ബി.എ പാസ്സായി. തിരുവിതാംകൂറിൽ ആകെ ഏഴ് ബി.എക്കാർ മാത്രമുണ്ടായിരുന്ന കാലം. പഠനത്തിൽ സമർത്ഥനായിരുന്ന പല്പുവിനെ ഫെർണാണ്ടസ് എന്ന അദ്ധ്യാപകൻ മകനെപ്പോലെ സ്നേഹിച്ചു. സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം നല്കി. ഫീസിളവും അനുവദിച്ചു. ഹൈസ്കൂൾ പഠനത്തിനു വേണ്ടുന്ന പണം പല്പു കണ്ടെത്തിയത് വീടുകളിൽച്ചെന്ന് കുട്ടികൾക്ക് ട്യൂഷനെടുത്താണ്.
1884 -ൽ മെഡിക്കൽ പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷയിൽ രണ്ടാം റാങ്കോടെ പാസായെങ്കിലും ജാതിയുടെ പേരിൽ അയിത്തം കല്പിച്ച് പല്പുവിന് പ്രവേശനം നൽകിയില്ല. ഹതാശനായി വീട്ടിലിരിക്കാതെ, ഡോക്ടറാകണം എന്ന പ്രതികാരബുദ്ധിയോടെ ആ യുവാവ് മദ്രാസിനു വണ്ടി കയറി. ബി.എ പാസായിട്ടും തിരുവിതാംകൂറിൽ ജാതിയുടെ പേരിൽ ഉദ്യോഗം ലഭിക്കാതിരുന്ന ജ്യേഷ്ഠസഹോദരൻ വേലായുധൻ അന്ന് മദ്രാസിൽ ബ്രിട്ടീഷ് സർവീസിൽ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ കൂടി സഹായത്താൽ മദ്രാസ് മെഡിക്കൽ കോളേജിൽ എൽ.എം.എസിന് (Licentiate in Medicine and Surgery) പ്രവേശനം കിട്ടി. മദ്രാസിനു യാത്രതിരിക്കുമ്പോൾ പ്രിയപ്പെട്ട അമ്മ കഴുത്തിൽക്കിടന്ന താലിമാല ഊരി നിറകണ്ണുകളോടെ മകനെ ഏല്പിച്ചിരുന്നു. അതു വിറ്റിട്ടും ഫീസിന് പണം തികഞ്ഞില്ല. പലരുടെയും സ്നേഹപൂർവമായ ധനസഹായം ഭക്ഷണാവശ്യങ്ങൾക്കുപോലും എടുക്കാതെയായിരുന്നു ഫീസിനുള്ള തുക ഓരോ മാസവും കണ്ടെത്തിയിരുന്നത്.
നാട്ടിലേക്കും
തിരിച്ചും
എൽ.എം.എസ് പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ഡോ. പല്പു സർക്കാർ ജോലിക്കായി തിരുവനന്തപുരത്തെ ഭരണാധികാരികളുടെ പടിവാതിലുകൾ പലവട്ടം കയറിയിറങ്ങി. പൊന്നുതമ്പുരാനും ദിവാനും നിവേദനങ്ങൾ പലതുകൊടുത്തിട്ടും ഫലമില്ലാതായപ്പോൾ മദ്രാസിലേക്ക് തിരികെപ്പോയി. അവിടെ മെഡിക്കൽ ഡിപ്പാർട്ടുമെന്റിൽ വാക്സിൻ ഡിപ്പോ സൂപ്രണ്ടായി ഉദ്യോഗം ലഭിച്ചു. (1890 ഡിസംബർ 4 ). ഡിസംബറിലെ മഞ്ഞിൽ തണുത്തുവിറച്ച്, അഗതികളായ മനുഷ്യർ കടത്തിണ്ണകളിൽ കിടന്നുറങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ശമ്പളം കിട്ടിയപ്പോൾ ചെലവുകൾക്കാവശ്യമായ പണമെടുത്തിട്ട്, ബാക്കി തുകയ്ക്ക് കമ്പിളിപ്പുതപ്പുകൾ വാങ്ങി രാത്രികളിൽ തെരുവുകളിലൂടെ നടന്ന് ആ പാവങ്ങളെ പുതപ്പിച്ചു!
വാക്സിൻ ഡിപ്പോ മദ്രാസിൽ നിന്ന് മൈസൂരിലേക്കു മാറ്റിയപ്പോൾ പല്പുവിന് അങ്ങോട്ടു പോകേണ്ടി വന്നു. പ്രഗത്ഭനായ ഉദ്യോഗസ്ഥൻ എന്ന ഖ്യാതി നേടിയ ഡോ. പല്പു ദിവാൻ ശേഷാദ്രി അയ്യരുടെ ഉറ്റസുഹൃത്തായി. ആ വഴിക്കാണ് ഇന്ത്യയുടെ ആത്മാവ് കണ്ടറിഞ്ഞ സ്വാമി വിവേകാനന്ദനുമായി ആത്മബന്ധം സ്ഥാപിക്കുന്നത്. തിരുവിതാംകൂറിലെ അയിത്ത ജാതിക്കാരുടെ നരകജീവിതം ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് തന്റെ കയ്യിൽനിന്ന് യാത്രാചെലവു നല്കി സുഹൃത്തായ ബാരിസ്റ്റർ ജി.പി. പിള്ളയെ ഇംഗ്ലണ്ടിലേക്കയച്ചപ്പോൾ, അവിടെ വേണ്ടുന്ന സഹായം ചെയ്തുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്ന സിസ്റ്റർ നിവേദിതയ്ക്കുള്ള കത്ത് സ്വാമി വിവേകാനന്ദനിൽ നിന്നുവാങ്ങി ജി.പി. പിള്ളയെ ഏല്പിച്ചതും മറ്റും തിരുവിതാംകൂറിന്റെ ചരിത്രത്തിലെ അവിസ്മരണീയങ്ങളായ ഏടുകളാണ്.
നിവേദനങ്ങൾ,
പോരാട്ടങ്ങൾ
ബ്രിട്ടീഷ് പാർലമെന്റിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ ജാതിയുടെ പേരിൽ ചില വിഭാഗം ജനങ്ങളെ സ്കൂളുകളിൽ നിന്നും ഉദ്യോഗങ്ങളിൽ നിന്നും മാറ്റിനിറുത്തുന്നുണ്ടോ എന്ന ചോദ്യം വന്നതോടെ തിരുവിതാംകൂറിലെ ഭരണധുരന്ധരന്മാർ കണ്ണു തുറക്കാൻ നിർബന്ധിതരായി. ഡോ. പല്പുവിന്റെ കൂടി സഹകരണത്തോടെ മഹാരാജാവിനു നൽകിയ മലയാളി മെമ്മോറിയലിന് (1891 ജനുവരി 1) ഫലമൊന്നുമില്ലാതിരുന്നപ്പോൾ കുറേക്കൂടി വിശദമായ മറ്റൊരു നിവേദനം - ഈഴവ മെമ്മോറിയൽ- 1896- ൽ അദ്ദേഹം തന്നെ എഴുതി ഉണ്ടാക്കി പതിമൂവായിരത്തിലധികം ഈഴവരെക്കൊണ്ട് ഒപ്പിടീച്ച് മഹാരാജാവിനു സമർപ്പിച്ചു. അതിനും പ്രയോജനമുണ്ടായില്ലെന്നു മാത്രമല്ല, 'ആലോചിച്ചു നോക്കിയാൽ ഹർജിക്കാർക്ക് വാസ്തവമായ അസൗകര്യങ്ങൾ ഒന്നും തന്നെയില്ല" എന്ന ആക്ഷേപാർഹമായ മറുപടിയും കിട്ടി.
അരുവിപ്പുറം പ്രതിഷ്ഠ നടന്നപ്പോൾ (1888) പല്പു മദ്രാസ് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ പല്പു ശ്രീനാരായണഗുരുവിനെ കണ്ട് കാര്യങ്ങൾ ചർച്ചചെയ്തു. അതോടെ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ അരുവിപ്പുറത്തെ 'വാവൂട്ടുയോഗം" ചരിത്രത്തിലെ എസ്.എൻ.ഡി.പി. യോഗമായി മാറി. ശ്രീനാരായണ ഗുരു യോഗത്തിന്റെ പ്രസിഡന്റും ഡോ.പല്പു വൈസ് പ്രസിഡന്റും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി.
പ്ളേഗിനോടും
പൊരുതി
മൈസൂറിൽ വാക്സിൻ ഡിപ്പോ സൂപ്രണ്ടായി പ്രവർത്തിക്കുന്ന കാലത്ത്, പ്ലേഗ് അവിടെ പടർന്നുപിടിച്ചപ്പോൾ ഡോ പല്പുവിനെ പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായി നിയമിച്ചു. പല ഡോക്ടർമാരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന ഈ ജോലി തന്റെ ജീവൻ പോലും വകവയ്ക്കാതെ ഡോക്ടർ പല്പു ഏറ്റെടുത്തു. മൈസൂർ രാജാവിന്റെ ഉൾപ്പെടെ പ്രശംസ നേടിയ പല്പുവിനെ മൈസൂർ സർക്കാർ തന്നെ സർക്കാർ ചെലവിൽ ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേക്കയച്ചു. ഡി.പി.എച്ച് (കേംബ്രിഡ്ജ്), എഫ്.ആർ.പി.എച്ച് (ലണ്ടൻ) ബിരുദങ്ങൾ നേടിയ പല്പു തിരികെ മൈസൂർ സർവീസിലെത്തി. അതിനിടെ രണ്ടുവർഷക്കാലം ബറോഡ രാജാവിന്റെ ക്ഷണപ്രകാരം ബറോഡ ഗവൺമെന്റിന്റെ സാനിട്ടറി അഡ്വൈസറായി, രണ്ടുവർഷം കഴിഞ്ഞ് മൈസൂറിൽ ജയിൽസൂപ്രണ്ടായി തിരികെയെത്തിയ ഡോക്ടർ 1920 -ൽ വിരമിച്ചു.
ഐശ്വര്യപൂർണ്ണമായ കുടുംബജീവിതമായിരുന്നു ഡോക്ടറുടേത്. തിരുവനന്തപുരം മണക്കാട് പെരുനെല്ലി കൃഷ്ണൻവൈദ്യരുടെ സഹോദരി പി.കെ. ഭഗവതിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും. മൂത്ത മകൻ ഗംഗാധരൻ പത്രപ്രവർത്തകനായിരുന്നു. രണ്ടാമത്തെ മകനാണ് ധിക്കാരിയായ ദാർശനികൻ എന്നു വിശേഷിപ്പിക്കാവുന്ന പി. നടരാജൻ (നടരാജഗുരു). മൂന്നാമത്തെ മകൻ ഹരിഹരൻ ടാഗോറിന്റെ വിശ്വഭാരതിയിൽ പഠിച്ച് ലോകമറിയുന്ന ചിത്രകാരനായി. ആനന്ദലക്ഷ്മിയും ദാക്ഷായണിയും പെൺമക്കൾ. ആദ്യകാലങ്ങളിൽ ആഹ്ലാദകരമായിരുന്നു കുടുംബജീവിതമെങ്കിലും ഭാര്യയുടെ അസുഖവും മകൻ നടരാജനുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. തന്റെ ആയുസ്സും വപുസ്സും നൽകി വളർത്തിയ പ്രസ്ഥാനത്തിന്റെ അവസ്ഥ, അതിന്റെ നേതാക്കന്മാരിൽ നിന്നുണ്ടായ അവഗണന, ഒറ്റപ്പെടൽ ഇതെല്ലാം അന്ത്യനാളുകളിൽ അദ്ദേഹത്തെ വല്ലാതെ നൊമ്പരപ്പെടുത്തി. അസാധാരണമായ കർമ്മകുശലതകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച ഡോ.പല്പു 88-ാം വയസിൽ ഇഹലോകവാസം വെടിഞ്ഞു (1950 ജനുവരി 25).
ഡോ. പല്പുവിന്റെ
പേരു നല്കണം
ഡോ.പല്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞു. അർഹിക്കുന്ന രീതിയിൽ അദ്ദേഹത്തിന് ഒരു സ്മാരകം തലസ്ഥാന നഗരിയിൽ ഉണ്ടാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വന്തം പേരിൽ സ്മാരകങ്ങളുണ്ടാക്കുന്ന നേതാക്കന്മാർക്ക് പല്പുവിനെ ഓർക്കാൻ എവിടെ സമയം? തോന്നയ്ക്കലിൽ അടുത്ത കാലത്ത് ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ആ രംഗത്തെ കുലപതിയായ ഡോ. പല്പുവിന്റെ പേരു നൽകുന്നത് അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിന് ഏറെ ഉപകരിക്കും. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ഇനിയെങ്കിലും ആത്മാർത്ഥത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത് ആർദ്രമായ മനസ്സ്, ആത്മാഭിമാനത്തിനേറ്റ മുറിവുകൾ ഉണ്ടാക്കിയ നീറ്റൽ, മനുഷ്യവിമോചനത്തിന്റെ ജ്വാല പടർത്തിയ സമരാഗ്നി - ഇതെല്ലാമാണ് തച്ചക്കുടി പപ്പുവിന്റെ മകനെ പാവങ്ങളുടെ പടത്തലവനാക്കിയത്.
(ലേഖകന്റെ ഫോൺ: 94470 37877)