
ബാല്യത്തിൽത്തന്നെ നല്ല ശീലങ്ങൾ ആർജ്ജിക്കുക എന്നത് നമ്മുടെ ജീവിതവിജയത്തിന് അത്യാവശ്യമാണ്. നല്ല ശീലങ്ങൾ ജീവിതത്തിനു ദിശാബോധം നൽകുകയും ജീവിതത്തിൽ അച്ചടക്കം കൊണ്ടുവരികയും ചെയ്യുന്നു. ചീത്ത ശീലങ്ങളാകട്ടെ മനസിനെ ദുഷിപ്പിക്കുകയും ജീവിതത്തെ അധഃപതിപ്പിക്കുകയും ചെയ്യുന്നു.
പ്രവൃത്തികൾ ആവർത്തിക്കുമ്പോൾ അവ ശീലമായി മാറുന്നു. ശീലം പിന്നീട് സ്വഭാവമായിത്തീരുന്നു. സ്വഭാവം നമ്മളെ കീഴ്പ്പെടുത്തുന്നു; നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാകുന്നു. രാവിലെ ബെഡ്കോഫി കുടിച്ചുശീലിച്ച ഒരാൾക്ക് ഉണർന്നയുടൻ കാപ്പി കിട്ടിയില്ലെങ്കിൽ അത് അയാളെ അസ്വസ്ഥനാക്കും. കാപ്പി, സിഗരറ്റ്, ന്യൂസ്പേപ്പർ എന്നിങ്ങനെയുള്ള നിസ്സാരവസ്തുക്കൾ പോലും നമ്മുടെ സ്വസ്ഥത കെടുത്താൻ പര്യാപ്തമാണ്. ഇന്ന് നമ്മളിൽ പലരും ഇത്തരത്തിലുള്ള എത്രയോ ശീലങ്ങൾക്ക് അടിമകളാണ്. ഗുരുതരമായ ദുശ്ശീലങ്ങൾ നമ്മുടെ ജീവിതത്തെ സമ്പൂർണ്ണമായും തകർത്തു കളയുന്നു. ജീവിതത്തിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാൾ ദുശീലങ്ങൾക്ക് അടിമയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിന്തയും പ്രവൃത്തിയും ബോധപൂർവ്വമായെങ്കിൽ മാത്രമേ ഇക്കാര്യം സാദ്ധ്യമാകൂ.
ദുശ്ശീലങ്ങൾക്ക് അടിമയായാൽ പിന്നീട് അവയിൽ നിന്നുള്ള മോചനം വളരെ പ്രയാസമാണ്. ബോധപൂർവ്വമായ നിരന്തരശ്രമം വിജയത്തിനാവശ്യമാണ്. നല്ല ശീലങ്ങൾ ബോധപൂർവ്വം വളർത്തുന്നതിലൂടെ ദുശ്ശീലങ്ങൾക്ക് അടിമപ്പെടാതിരിക്കാനും നല്ല വ്യക്തിത്വത്തിനു ഉടമയാകുവാനും നമുക്കു കഴിയുന്നു. എങ്കിലും ശീലങ്ങൾ ജീവിതത്തെ ഒരളവോളം യാന്ത്രികമാക്കുന്നു. നല്ല ശീലങ്ങൾ പോലും ചിലപ്പോൾ ദോഷകരമാകും. ഒരാൾ മുപ്പതു വർഷം പട്ടാളത്തിൽ ജോലി ചെയ്തശേഷം പെൻഷൻപറ്റി സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. ഒരു ദിവസം അയാൾ ചന്തയിൽ പോയി ഒരു കുടം പാൽ വാങ്ങി. പാൽ നിറച്ച കുടം തലയിൽവച്ച് രണ്ടു കൈകൊണ്ടും താങ്ങിപ്പിടിച്ച് വീട്ടിലേക്ക് നടന്നു. ഇത് കണ്ടുകൊണ്ട് വഴിയിൽനിന്ന രണ്ടു ചെറുപ്പക്കാരിൽ ഒരാൾ അയാളെ കളിയാക്കാനായി 'അറ്റൻഷൻ "എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. മുപ്പതുവർഷമായി പട്ടാളത്തിൽ കേട്ടുശീലിച്ച ആ വാക്ക് കേട്ടതും പട്ടാളക്കാരൻ അറിയാതെതന്നെ തന്റെ കൈകൾ രണ്ടും താഴ്ത്തി പട്ടാളച്ചിട്ടയിൽ നിവർന്നുനിന്നു. തലയിലിരുന്ന മൺകുടം താഴെവീണുടഞ്ഞു. അതിലെ പാൽ മുഴുവൻ നഷ്ടമായി. ചെറുപ്പക്കാർ ആർത്തുചിരിച്ചു.
നിസാരപ്രവൃത്തികൾ പോലും യാന്ത്രികമായി ചെയ്യുന്നത് എത്രമാത്രം ദോഷകരമാണെന്ന് ഈ കഥ വ്യക്തമാക്കുന്നു. നല്ല ശീലങ്ങളുടെ പോലും അടിമയാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അപ്പോഴേ നമ്മൾ യഥാർത്ഥത്തിൽ സ്വതന്ത്രരാവൂ, ശീലങ്ങൾ നമുക്കുവേണ്ടിയാണ്, നമ്മൾ അവയ്ക്കുവേണ്ടിയല്ല എന്നോർക്കണം. ഉദാഹരണത്തിന് എന്നും എട്ടുമണിക്കു ധ്യാനിക്കുന്ന ശീലമുള്ള ഒരാൾക്ക്, ഒരു ദിവസം ആ സമയത്ത് അപകടത്തിൽപെട്ട തന്റെ സഹോദരനെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു എന്ന് കരുതുക. ധ്യാനം മുടങ്ങിയത് അയാളെ അസ്വസ്ഥനാക്കാൻ പാടില്ല. നീന്തൽ പഠിക്കുന്നവർ തുടക്കത്തിൽ തേങ്ങാത്തൊണ്ട് ഉപയോഗിക്കും. നീന്തൽ ഒരു വിധം വശമായാൽ അത് ഉപേക്ഷിക്കും. അതുപോലെ നല്ല ശീലങ്ങളെയും ആവശ്യം വരുന്ന സന്ദർഭങ്ങളിൽ ഉപേക്ഷിക്കാൻ നമുക്ക് കഴിയണം. എല്ലാ ബന്ധനങ്ങളെയും അതിക്രമിക്കുമ്പോൾ പൂർണ്ണസ്വാതന്ത്ര്യം നമ്മുടേതാകും.