
വ്യോമസേനയുടെ കാലഹരണപ്പെട്ട ആവ്രോ വിമാനങ്ങൾക്കു പകരം 56 സി-295 ഗതാഗത വിമാനങ്ങൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം 2021 സെപ്തംബറിൽ 21,935 കോടി രൂപയുടെ കരാർ ഒപ്പുവച്ചിരുന്നു. എയർബസ്- ഡിഫൻസ് ആൻഡ് സ്‌പേസും പ്രതിരോധ വകുപ്പുമായുള്ള കരാർ അനുസരിച്ച് വിതരണം ചെയ്യേണ്ട ആദ്യ പതിനാറു വിമാനങ്ങൾ സ്‌പെയിനിലെ സെവില്ലെയിലാണ് നിർമ്മിക്കുക. ബാക്കി 40 വിമാനങ്ങൾ ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള വ്യവസായ പങ്കാളിത്തത്തിനു കീഴിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടി.എ.എസ്.എൽ) പൂർണമായും ഇന്ത്യയിൽത്തന്നെ നിർമ്മിക്കും. ഗതാഗത വിമാന നിർമ്മാണവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ രാജ്യത്തെ ആദ്യ സഹകരണമാണ് ഇത്. ഗുജറാത്തിലെ വഡോദരയിൽ ടി.എ.എസ്.എൽ അസംബ്ലി ലൈൻ കേന്ദ്രത്തിന് രണ്ടു വർഷം മുമ്പാണ് (2022) പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.
2023 സെപ്തംബറിൽ സ്‌പെയിനിലെ സെവില്ലെയിൽ പ്രവർത്തനസജ്ജമായ ആദ്യ വിമാനം അന്നത്തെ വ്യോമസേനാ മേധാവി, എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിക്ക് കൈമാറിയിരുന്നു. ഇതിനകം, ആറ് സി-295 വിമാനങ്ങൾ പറത്തുന്ന, വഡോദര ആസ്ഥാനമായുള്ള 'റൈനോസ്"എന്നു വിളിക്കപ്പെടുന്ന വ്യോമസേനയുടെ 11 സ്‌ക്വാഡ്രനെ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കുകയും ചെയ്തു. 70 യാത്രക്കാരെയും 49 പാരാ ട്രൂപ്പറുകളെയും വഹിക്കുകയും, പ്രവർത്തന വിജയം തെളിയിക്കുകയും ചെയ്ത ബഹുമുഖ സൈനിക ഗതാഗത വിമാനമായ സി-295 ഇന്ത്യൻ വ്യോമസേനയ്ക്കു നല്കുന്ന കരുത്തും ഉത്തേജനവും ചെറുതല്ല.
രാപകൽ വ്യത്യാസമില്ലാതെ, ഏതു കാലാവസ്ഥയിലും പറക്കാനാകുന്ന ഈ വിമാനങ്ങൾ ലോകമെമ്പാടും വിവിധ വ്യോമസേനകൾ ഉപയോഗിക്കുന്നുണ്ട്. സൈനികനീക്കം, എയർ ലോജിസ്റ്റിക്സ്, പാരാട്രൂപ്പിങ്, രക്ഷാപ്രവർത്തനം, തിരച്ചിൽ, സമുദ്രനിരീക്ഷണം, അന്തർവാഹിനികൾക്കെതിരെ പ്രതിരോധം, പരിസ്ഥിതി നിരീക്ഷണം, അതിർത്തി നിരീക്ഷണം, വാട്ടർ ബോംബർ, വ്യോമ മാർഗമുള്ള മുന്നറിയിപ്പുകൾ എന്നിവയ്ക്ക് വിജയകരമായി പ്രവർത്തിപ്പിക്കാനാവുന്നവയാണ് സി-295 വിമാനങ്ങൾ.
ഇക്കഴിഞ്ഞ ഒക്ടോബർ 28- ന് സ്‌പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് വഡോദരയിലെ ടി.എ.എസ്.എൽ നിർമ്മാണകേന്ദ്രം ഉദ്ഘാടനം ചെയ്തത്. സ്വകാര്യ മേഖലയിൽ ഇന്ത്യയിലെ ആദ്യ സൈനികവിമാന നിർമ്മാണ കേന്ദ്രമാണ് ഇത്. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സി- 295 വിമാനം പുറത്തിറങ്ങാൻ ഏകദേശം രണ്ടുവർഷം കൂടി കാത്തിരിക്കേണ്ടിവരും (2026 സെപ്തംബർ). ഇന്ത്യയിലെ എയ്റോസ്പേസ് മേഖലയ്ക്ക് പ്രചോദനം നൽകുന്ന പദ്ധതിയനുസരിച്ച് രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി എം.എസ്.എം.ഇകൾ വിമാന ഭാഗങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളികളാകും.
ഇതിനായി ആകെ 33 എം.എസ്.എം.ഇകളെ എയർബസ് കമ്പനി തിരഞ്ഞെടുത്തിട്ടുണ്ട്. വിമാനത്തിന്റെ ഘടകഭാഗങ്ങളുടെ ഉത്പാദനം ഹൈദരാബാദ് കേന്ദ്രത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബി.ഇ.എൽ) ഭാരത് ഡൈനാമിക്സ് ലിമിറ്റഡും (ബി.ഡി.എൽ) നൽകുന്ന 'ഇലക്ട്രോണിക് യുദ്ധ" (ഇ.ഡബ്ല്യു) സംവിധാനങ്ങൾ ഇതിനകം വിമാനത്തിൽ സംയോജിപ്പിച്ചിട്ടുണ്ടെങ്കിലും കരാർ ചർച്ചകളും അന്തിമ രൂപീകരണവും നീളുന്നതിനനുസരിച്ച് ഇവ നവീകരിക്കേണ്ടതുണ്ട്.
എയ്‌റോസ്‌പേസ് മേഖലയിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. ഇന്ത്യയുടെ എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ 42.5 ലക്ഷത്തിലധികം തൊഴിൽ മണിക്കൂറുകളുള്ള, ഉയർന്ന സാങ്കേതിക വൈദഗ്ദ്ധ്യം വേണ്ടുന്ന 600 തൊഴിലവസരങ്ങൾ നേരിട്ടും, മൂവായിരത്തിലധികം തൊഴിലവസരങ്ങൾ പരോക്ഷമായും സൃഷ്ടിക്കപ്പെടുന്നതിനു പുറമേ ഇടത്തരം സ്വഭാവമുള്ള മൂവായിരം തൊഴിലവസരങ്ങൾ കൂടി ഇതോടെ സംജാതമാകും. മറ്റിടങ്ങളിൽ നിന്ന് എയർബസ് കമ്പനി നേരിട്ടു വാങ്ങുന്ന എയ്‌റോ എൻജിനും ഏവിയോണിക്സും ഒഴികെ, ഘടനാപരമായ ഭാഗങ്ങൾ കൂടുതലും ഇന്ത്യയിൽത്തന്നെ നിർമിക്കും. ഒരു വിമാനത്തിൽ ഉപയോഗിക്കുന്ന 14,000 അസംസ്‌കൃത ഘടകവസ്തുക്കളിൽ 13,000 എണ്ണവും തദ്ദേശീയമായിത്തന്നെയായിരിക്കും നിർമ്മിക്കപ്പെടുക.
കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര സർക്കാരിന്റെ സുസ്ഥിര ശ്രമങ്ങൾ പ്രതിരോധ മേഖലയുടെ കുതിച്ചുചാട്ടത്തിന് സഹായകമായിട്ടുണ്ട്. 43,726 കോടി രൂപയിൽ നിന്ന് 1,27,265 കോടി രൂപയായി ഉയർന്ന പ്രതിരോധ ഉത്പാദന മേഖലയിലെ കണക്കുകളിൽ ഈ വളർച്ച പ്രതിഫലിക്കുന്നുണ്ട്. ഇതിൽ 21 ശതമാനവും സ്വകാര്യ മേഖലയുടെ സംഭാവനയാണ്. പത്തുവർഷം മുമ്പ് ആയിരം കോടി രൂപയിൽ താഴെയായിരുന്ന പ്രതിരോധ കയറ്റുമതി കഴിഞ്ഞ വർഷം 21,000 കോടിയിലധികമായി ഉയർന്നു. ആധുനികവൽക്കരണ ബഡ്ജറ്റിന്റെ 75 ശതമാനം ഈ സാമ്പത്തിക വർഷം ആഭ്യന്തര വ്യവസായങ്ങൾ വഴിയുള്ള സംഭരണത്തിനായി നീക്കിവച്ചിട്ടുണ്ട്.
സംയുക്ത പ്രവർത്തനങ്ങളിലൂടെയുള്ള സ്വയംപര്യാപ്ത സംരംഭങ്ങൾക്കായുള്ള പോർട്ടൽ (SRIJAN), ഗുണപ്രദമായ സ്വദേശിവൽക്കരണ പട്ടികകൾ, പ്രതിരോധ മികവിനുള്ള നൂതനാശയങ്ങൾ, 50,083 കോടി രൂപയുടെ നിക്ഷേപത്തോടെ ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ പ്രതിരോധ വ്യവസായ ഇടനാഴികൾ എന്നിവയാണ്
കേന്ദ്ര സർക്കാർ ആരംഭിച്ച മറ്റു സംരംഭങ്ങളിൽ ചിലത്. സി- 295 സൈനികനീക്ക വിമാനങ്ങളുടെ സംയുക്ത നിർമ്മാണത്തിനായുള്ള എയർബസ്- ടി.എ.എസ്.എൽ പങ്കാളിത്തം, രാജ്യത്ത് വ്യോമയാന ആവാസവ്യവസ്ഥയ്ക്ക് പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും പുതിയ വെളിച്ചം പകരുന്നതാണ്. ഈ വിമാനങ്ങൾക്ക് സാധാരണ യാത്രാവിമാനങ്ങളുടെ എഡിഷനും ഉള്ളതിനാൽ ആ രീതിയിലേക്കും ഇവയെ ടി.എ.എസ്.എൽ വിപുലീകരിക്കുമോ എന്ന് ഭാവിയിൽ അറിയാം. വിമാന നിർമ്മാണ സഹകരണത്തിന്റെ മുഴുവൻ സാദ്ധ്യതകളും തിരിച്ചറിയാൻ ഇന്ത്യയിലെ ഉത്പാദനവും, ഭാവിയിലെ കയറ്റുമതിയും പരശോധിക്കേണ്ടതുണ്ട്.
'ആത്മനിർഭരത"യുടെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാണെന്നു തോന്നാമെങ്കിലും, എയർബസും ടി.എ.എസ്.എല്ലും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ആ പാത വെട്ടിത്തുറന്നത്. ടി.എ.എസ്.എൽ 40 വിമാനങ്ങൾ സമയബന്ധിതമായി നിർമ്മിക്കുന്നതിലൂടെ ആ വാഗ്ദാനങ്ങൾ നിറവേറ്റേണ്ടതുണ്ട്. പൊതുമേഖലയുമായുള്ള വ്യോമസേനയുടെ പ്രവർത്തനാനുഭവം സേനയുടെ പ്രതീക്ഷകൾ പൂർണമായി നിറവേറ്റിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാകുന്നത് രാജ്യത്തെ സ്വകാര്യ മേഖലയുടെ കൂടുതൽ പങ്കാളിത്തത്തിന് വഴിയൊരുക്കും. ഇതുകൂടി ചേരുമ്പോഴാണ് നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവുക.
(ന്യൂഡൽഹിയിലെ സെന്റർ ഫോർ എയർ പവർ സ്റ്റഡീസ് അഡി. ഡയറക്ടർ ജനറൽ ആണ് ലേഖകൻ)