
ഹാട്രിക് ഗോൾ നേടിയ സന്തോഷത്തിലാണ് ചൈന സ്വദേശിയായ ഗോങ്. ഫുട്ബോൾ ഇതിഹാസവും തന്റെ ഇഷ്ടതാരവുമായ ക്രിസ്റ്റ്യാനോ റെണാൾഡോയെ നേരിൽ കാണാൻ ഗോങ് എന്ന ഇരുപത്തിനാലുകാരൻ പിന്നിട്ട യാത്രയുടെ ദൂരം ചെറുതല്ല- 13,000 കിലോ മീറ്റർ; അതും സൈക്കിളിൽ! കളിക്കളത്തിൽ എതിരാളികളെ മറികടന്ന് മിന്നൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് പന്ത് എത്തിക്കുന്ന റൊണാൾഡോയുടെ കളിക്കളത്തിലെ നിശ്ചയദാർഢ്യത്തിനു സമാനമായിരുന്നു ഗോങിന്റെ സൈക്കിൾ യാത്രയുടെ വിജയവും. മാർച്ച് 18-ന് തുടങ്ങിയ യാത്ര അവസാനിച്ചത് ഏഴുമാസത്തിനു ശേഷം, സൗദി തലസ്ഥാനമായ റിയാദിൽ വച്ച് റൊണാൾഡോയെ ആലിംഗനം ചെയ്തോടെയാണ്. ചൈനയിൽ നിന്ന് സൗദിയിലേക്കുള്ള ഏഴുമാസം പിന്നിട്ട ഗോങിന്റെ യാത്രയാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലും വൈറൽ ചർച്ച.
കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനയിലെത്താനിരുന്ന റൊണാൾഡോ പരിക്കേറ്റതിനെ തുടർന്ന് ചൈനാ യാത്രയിൽ നിന്നു പിന്മാറുകയായിരുന്നു. ഈ സംഭവമാണ് കടുത്ത ആരാധകനായ ഗോങിനെ റൊണാൾഡോയെ നേരിൽക്കാണാൻ സൈക്കിൾ സഞ്ചാരത്തിനു പ്രേരിപ്പിച്ചത്. ചെലവ് പരമാവധി കുറയ്ക്കാനാണ് ചൈനാക്കാരുടെ ഇഷ്ട വാഹനമായ സൈക്കിൾ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. വസ്ത്രം, പവർബാങ്ക്, ടെന്റ്, പാത്രങ്ങൾ എന്നിവ ഒപ്പം കരുതി. ഭാഷ, ഭക്ഷണം, താമസം, കാലാവസ്ഥ.... ഇവയെല്ലാം വെല്ലുവിളിയാകുമെന്ന് അറിയാമായിരുന്നെങ്കിലും ഗോങ് തന്റെ ഉദ്യമത്തിൽ നിന്നു പിന്മാറാൻ കൂട്ടാക്കിയില്ല. പ്രതികൂലമായ അവസ്ഥയിലും ചൈനയിൽ നിന്ന് യാത്ര തുടങ്ങി. യാത്രയ്ക്കിടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നെന്നും ഗോങ് പറയുന്നു. ഭക്ഷണമായി റൊട്ടിയാണ് കരുതിയിരുന്നത്. ഭാഷ വശമില്ലാത്ത രാജ്യങ്ങളിൽ വിവർത്തനത്തിനായി ഫോൺ ഉപയോഗിച്ചു. പലരുടെയും സഹായങ്ങളും പിന്തുണയും ഗോങിനൊപ്പമുണ്ടായിരുന്നു.
കസാക്കിസ്ഥാൻ, ജോർജിയ, ഇറാൻ, ഖത്തർ തുടങ്ങി ആറോളം രാജ്യങ്ങൾ പിന്നിട്ട ശേഷമാണ് സൗദിയിലെത്തിയത്. പ്രതിസന്ധിയിൽ തളരാതെ മുന്നേറുമ്പോഴാണ് കളിക്കളത്തിലേതു പോലെ ഫൗളിന്റെ രൂപത്തിൽ വിധിയെത്തിയത്. ആഗസ്റ്റിൽ പനി ബാധിച്ച് അർമേനിയയിൽ വച്ച് കുഴഞ്ഞുവീണു. എങ്കിലും തന്റെ ഉദ്യമത്തിൽ നിന്ന് ഗോങ് പിന്മാറിയില്ല. ഒടുവിൽ ആറുമാസവും ഇരുപത് ദിവസവും പിന്നിട്ട യാത്ര ഒക്ടോബർ 20-ന് റിയാദിലെത്തി. ഈ സമയം റൊണാൾഡോ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് റൊണാൾഡോ തിരിച്ചെത്തിയപ്പോൾ അൽ നസർ ഫുട്ബോൾ ക്ലബ് അധികൃതർ റൊണാൾഡോയെ കാണാൻ ഗോങിന് അവസരം ഒരുക്കുകയായിരുന്നു. തന്റെ പ്രിയതാരത്തെ ആലിംഗനം ചെയ്ത്, റൊണാൾഡോയ്ക്കൊപ്പം ചിത്രവുമെടുത്താണ് ഗോങ് മടങ്ങിയത്. അടുത്തതായി റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗൽ സന്ദർശിക്കാനാണ് ഗോങിന്റെ തീരുമാനം.