
''നമ്മുടെ ജീവിതത്തിൽ ഒന്നും ശാശ്വതമല്ലെന്ന് അനുഭവങ്ങളിലൂടെ നമ്മളോരോരുത്തരും നന്നായി പഠിക്കുന്നുണ്ട്! എന്നാലും, നമ്മളിൽ ചിലർ, ചിലരോട് സ്ഥിരമായി നിലനിറുത്താൻ ആഗ്രഹിച്ചുപോകുന്ന ഒരു സംഗതിയുണ്ട്! ആർക്കെങ്കിലും പറയാമോ അതെന്താണെന്ന്? ആ 'വൈകൃതമായൊരു മാനസികസുഖ"ത്തിന്റെ പേര് എന്താണ്? പെട്ടെന്ന് ഓർത്തുപറയാൻ കഴിയുന്നില്ലെന്നോ! അങ്ങനെയങ്ങ് ഒരുപാട് ഓർക്കാനൊന്നും മെനക്കെടേണ്ട കാര്യമൊന്നുമില്ലല്ലോ, ചിലരൊക്കെ മനസിലും, തലയിലുമൊക്കെ വെച്ച് തേച്ചുമിനുക്കി മൂർച്ചകൂട്ടി താലോലിച്ച് കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന ഒട്ടും സുന്ദരമല്ലാത്ത ആ സംഗതിയെ നിങ്ങൾക്കറിയില്ലെന്നോ! സാരമില്ല, ഞാൻ ചില സൂചനകൾ നൽകാം, എന്താ, സന്തോഷമായില്ലേ!"" ജിജ്ഞാസയലയടിക്കുന്ന സദസ്യരുടെ മുഖത്തെ ചിന്താഭാരം മുഴുവനും ഉൾക്കൊണ്ടപോലെയായിരുന്നു പ്രഭാഷകൻ സൂചന നൽകാൻ അവരുടെ ശ്രദ്ധക്ഷണിച്ചത്. പ്രഭാഷകൻ അതിന്റെ ബാഹ്യസൗന്ദര്യത്തിലാണോ, അതോ ആന്തരിക ഗുണഗണങ്ങളിലാണോ ഇത്രയേറെ ആകൃഷ്ടനായതെന്നുപോലും സദസ്യർ വിലയിരുത്തി തുടങ്ങിയിരുന്നു! അപ്രകാരം, എല്ലാവരേയും പുഞ്ചിരിയോടെ നോക്കികൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്ന നമ്മുടെ ചങ്ങാതി, സത്യത്തിൽ നിങ്ങളിൽ ചിലരുടെ ആത്മമിത്രം തന്നെയാണ്! ഭൂമിയിലെ ആദിമ മനുഷ്യനൊപ്പം തന്നെ പിറന്ന അവന്റെ പ്രായം എങ്ങനെയാണ് നമ്മൾക്ക് കണക്കുകൂട്ടിയെടുക്കാൻ കഴിയുക! അപ്പോൾ ചോദിക്കാം, അയാളൊരു ചിരഞ്ജീവിയാണോയെന്ന്, അല്ലേ? അതെ, ആളൊരു ചിരഞ്ജീവി തന്നെയാണ്! രൂപമില്ലാത്ത, നിറമില്ലാത്ത, എന്തിനേറെ പ്രായംപോലും പറയാൻ കഴിയാത്ത ആ മിടുമിടുക്കെന്റ പേരല്ലേ, പറയാം: അദ്ദേഹത്തിന്റെ പേരാണ് 
'വൈരാഗ്യം." വിരോധം, പക, ശത്രുത തുടങ്ങി കുറച്ചുപേർ കൂടി അദ്ദേഹത്തിന്റെ കുടുംബക്കാരായുണ്ട്! എല്ലാവരും ചിരഞ്ജീവികൾ തന്നെയാണ്. ഒരിക്കൽ ഇക്കൂട്ടർ ഒരു മനസിനെ പിടികൂടി കഴിഞ്ഞാൽ, പിന്നെ പിടിവിട്ടു പോവുകയെന്നത് വലിയ പ്രയാസമാണെന്നും ഓർക്കണം! ഇവരുടെ പ്രതിനിധികളായി നമ്മുടെ നാട്ടുകാർ ഇപ്പോഴും ചുമതല നൽകി നിലനിറുത്തിയിരിക്കുന്നത് 'കീരിയേയും, പാമ്പിനേയു"മാണെന്ന് ആർക്കാണ് അറിയാത്തത്! ഇപ്രകാരം, കീരിയേയും, പാമ്പിനേയും അനുസ്മരിപ്പിക്കുന്ന നിലയിൽ ദമ്പതികളായി കഴിഞ്ഞിരുന്നവർ, ബന്ധം വേർപെടുത്തി പിരിഞ്ഞെങ്കിലും, പരസ്പരം മനസിലെ വൈരാഗ്യം നിലനിറുത്തികൊണ്ടുപോകുന്നതിൽ പ്രത്യേക ശ്രദ്ധവെച്ചിരുന്നു. അതിനാൽ, അവർ പുനർവിവാഹം കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ചതു പോലുമില്ല. വർഷങ്ങൾക്കു ശേഷം, വൃക്കരോഗിയായി ജീവിതം ദുരിതത്തിലായ തന്റെ മുൻ ഭാര്യക്ക്, സ്വന്തം വൃക്കദാനംചെയ്ത ആ മുൻ ഭർത്താവിനോട് ഡോക്ടർ ചോദിച്ചു: 'പിന്നെ നിങ്ങളെന്തിനാണ് ബന്ധം പിരിഞ്ഞത്?" അപ്പോൾ, പരമസാധുവായ ആ ഹതഭാഗ്യൻ പറഞ്ഞ മറുപടി, പരസ്പര വൈരാഗ്യവും, കുടിപ്പകയും, കടുത്ത വിരോധവുമൊക്കെ തലയിലേറ്റി നടക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണ്! അതെന്താണെന്നോ: 'എല്ലാമൊരു തെറ്റിധാരണയായിരുന്നു, പക്ഷേ, എല്ലാം വൈകി പോയില്ലേ!" അതെ, വളർത്തിക്കൊണ്ടുവന്ന വൈരാഗ്യം, കവർന്നു കൊണ്ടുപോയത് സ്വന്തം ജീവിതമായിരുന്നു! ജീവിതത്തിൽ ഒന്നും സ്ഥിരമല്ലയെന്ന അറിവുണ്ടായിരുന്നിട്ടും, ഒരിക്കൽ തന്റെ ജീവന്റെ ജീവനായി കരുതിയിരുന്ന വ്യക്തിയോടു തോന്നിയ വിരോധം, വൈരാഗ്യ ബുദ്ധിയാലൊരു തീവ്രവൈരമായി വളർത്തിയപ്പോഴുണ്ടായ നഷ്ടക്കണക്ക് എഴുതാനുമൊരു പുസ്തകം വയ്ക്കാമായിരുന്നില്ലേ, ഒന്നുമല്ലെങ്കിലും, സ്വന്തം ജീവിതമായിരുന്നില്ലേ!"" ഇപ്രകാരം പ്രഭാഷകൻ പറഞ്ഞുനിറുത്തുമ്പോൾ, നിശബ്ദമായിരുന്ന സദസിൽ നിന്നുയർന്ന നെടുവീർപ്പുകൾ പലർക്കും കേൾക്കാമായിരുന്നു.