pic

വാഷിംഗ്ടൺ: തന്നെ അനുകൂലിക്കുന്നവരെ 'മാലിന്യങ്ങൾ" എന്ന് വിശേപ്പിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന് മറുപടിയുമായി മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്.

വിസ്കോൺസിനിലെ പ്രചാരണ പരിപാടിക്കായി മാലിന്യ ട്രക്കിലെത്തിയായിരുന്നു ട്രംപിന്റെ മറുപടി. മാലിന്യങ്ങൾ ശേഖരിക്കുന്ന ട്രക്ക് ഡ്രൈവറുടെ വേഷം ധരിച്ചെത്തിയ ട്രംപിനെ കണ്ടതോടെ അണികൾ ആവേശത്തിലായി. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണുകിട്ടിയ ബൈഡന്റെ പരാമർശത്തെ റിപ്പബ്ലിക്കൻമാർ പരമാവധി ആയുധമാക്കുന്നുണ്ട്. മറ്റ് റിപ്പബ്ലിക്കൻ നേതാക്കളും മാലിന്യ ട്രക്ക് ഡ്രൈവർമാരുടെ വേഷത്തിലെത്തിയും മാലിന്യം ശേഖരിച്ചും ട്രംപ് അനുകൂലികൾക്ക് പിന്തുണ നൽകുന്നുണ്ട്.

'ബൈഡനും കമലയും അമേരിക്കൻ ജനതയെ മാലിന്യമെന്ന് വിളിക്കുന്നു. പക്ഷേ, ഞാൻ നിങ്ങളെ അമേരിക്കയുടെ ഹൃദയവും ആത്മാവുമെന്ന് വിളിക്കും" റാലിയിലെത്തിയവരെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. അമേരിക്കൻ ജനതയെ മാലിന്യമെന്ന് പറഞ്ഞ് ആക്ഷേപിച്ചത് ഒരിക്കലും അംഗീകരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നേരത്തെ, ട്രംപിന്റെ ന്യൂയോർക്ക് റാലിയിൽ പങ്കെടുത്ത ഹാസ്യതാരം ടോണി ഹിഞ്ച്ക്ലിഫ് പോർട്ട റീക്കോയെ 'ഒഴുകുന്ന മാലിന്യ ദ്വീപ്" എന്ന് വിശേഷിപ്പിച്ചത് വൻ വിവാദമായിരുന്നു. ഇതിനെ അപലപിച്ച് പ്രസംഗിക്കവെയാണ് ട്രംപ് അനുകൂലികൾക്കെതിരെ ബൈഡൻ വിവാദ പരാമർശം നടത്തിയത്.

ബൈഡന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാന്ന് വൈ​റ്റ് ഹൗസിന്റെ വിശദീകരണം. ബൈഡന്റെ പരാമർശത്തോട് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് വിയോജിപ്പ് രേഖപ്പെടുത്തി.

ക്വിൻസിയും ചീങ്കണ്ണിയും പിന്നെ വൈറ്റ് ഹൗസും !

വളർത്തുമൃഗങ്ങളെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വളർത്തുന്ന പതിവ് യു.എസ് പ്രസിഡന്റുമാർക്കുണ്ട്. ഡൊണാൾഡ് ട്രംപിന് വളർത്തുമൃഗങ്ങളില്ലായിരുന്നു. അതേ സമയം, വ്യത്യസ്തമായ ഒരു ജീവിയെ വൈറ്റ്‌ഹൗസിൽ വളർത്തിയാണ് ആറാമത്തെ പ്രസിഡന്റ് ആയ ജോൺ ക്വിൻസി ആഡംസ് ശ്രദ്ധനേടിയത്. 1825 മുതൽ 1829 വരെ അധികാരത്തിലിരുന്ന ക്വിൻസി ഒരു ചീങ്കണ്ണിയെ ആണ് വളർത്തിയത്. മാർക്വിസ് ഡി ലെഫയെറ്റ് എന്ന ഫ്രഞ്ച് ധനികനാണ് ക്വിൻസിയ്‌ക്ക് ചീങ്കണ്ണിയെ സമ്മാനിച്ചത്.

അതിനെ വൈറ്റ് ഹൗസിലെ ഈസ്‌റ്റ് റൂമിലെ കുളിമുറിയിലെ ബാത്ത് ടബിലായിരുന്നു ക്വിൻസി പാർപ്പിച്ചിരുന്നത്. മാസങ്ങളോളം ചീങ്കണ്ണി വൈറ്റ്ഹൗസിൽ തന്നെയുണ്ടായിരുന്നു. പിന്നീട് ക്വിൻസി അതിനെ തിരികെ ഏൽപ്പിച്ചു. ബാത്ത് റൂമിലെ ചീങ്കണ്ണിയെ കണ്ട് ആളുകൾ ഭയന്ന് ഓടുന്നത് ക്വിൻസി ആസ്വദിച്ചിരുന്നത്രെ. ക്വിൻസിയുടെ ഭാര്യ ലൂസിയ വളർത്തിയിരുന്നത് പട്ടുനൂൽ പുഴുക്കളെയായിരുന്നു. അതേ സമയം,​ ക്വിൻസി ചീങ്കണ്ണിയെ വളർത്തി എന്നതിന്റെ രേഖകളൊന്നും ഇന്ന് ലഭ്യമല്ല. ഒരു പക്ഷേ കെട്ടുകഥയാകാമെന്നും പറയപ്പെടുന്നു.