
ടെൽ അവീവ്: വടക്കൻ ഇസ്രയേലിലുണ്ടായ ഹിസ്ബുള്ള റോക്കറ്റാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. മെതുലയിൽ അഞ്ച് പേരും ഹൈഫയിൽ രണ്ട് പേരും വീതമാണ് കൊല്ലപ്പെട്ടത്. മെതുലയിൽ കൊല്ലപ്പെട്ട നാല് പേർ ആപ്പിൾ തോട്ടത്തിൽ ജോലി ചെയ്തിരുന്ന വിദേശ തൊഴിലാളികളാണ്. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണങ്ങൾക്ക് പിന്നാലെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ ആറ് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു.
റോമൻ ക്ഷേത്രങ്ങളുടെ ശേഷിപ്പുകൾക്ക് പേരുകേട്ട ബാൽബെക്കിൽ ബുധനാഴ്ച നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. അതേ സമയം, ഇസ്രയേൽ - ഹിസ്ബുള്ള വെടിനിറുത്തലിനായി യു.എസിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
വെടിനിറുത്തലിന് വരും ദിവസങ്ങളിൽ ഇസ്രയേൽ ധാരണയിലെത്തിയേക്കുമെന്നാണ് സൂചന. ലെബനീസ് പ്രധാനമന്ത്രി നജീബ് മികാത്തിയാണ് ഇക്കാര്യമറിയിച്ചത്. യു.എസ് മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിറുത്തൽ ഇസ്രയേൽ അംഗീകരിച്ചേക്കും. അതേ സമയം, ഗാസയിൽ ഇന്നലെ 30 പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ആകെ മരണം 43,200 പിന്നിട്ടു.
ആക്രമണം ഇറാക്കിൽ നിന്ന് ?
ടെഹ്‌റാൻ: ഒക്ടോബർ 26ലെ ആക്രമണത്തിന് തിരിച്ചടിയായി ഇറാക്ക് മണ്ണിൽ നിന്ന് ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ചൊവ്വാഴ്ചത്തെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മുന്നേ ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്നും പറയുന്നു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചേക്കും. ഇറാക്കിലെ നിഴൽ സംഘടനകളാകാം ഇറാന് വേണ്ടി ആക്രമണം നടത്തുകയെന്നും നിഗമനമുണ്ട്. ഇസ്രയേൽ വീണ്ടും ഇറാനിൽ നേരിട്ട് തിരിച്ചടി നടത്താതിരിക്കാനാണ് ഇത്.