
ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ സ്റ്റീവ് ഇർവിൻ എന്നറിയപ്പെട്ടിരുന്ന യൂട്യൂബറും പരിസ്ഥിതി പ്രവർത്തകനുമായ ഗ്രഹാം 'ഡിങ്കോ" ഡിങ്കൽമാൻ (44) പാമ്പുകടിയേറ്റ് മരിച്ചു. ഒരു മാസം മുമ്പ് ഉഗ്രവിഷമുള്ള ഈസ്റ്റേൺ ഗ്രീൻ മാമ്പയുടെ കടിയേറ്റ ഡിങ്കോ കോമ അവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം ഭാര്യ ക്രിസ്റ്റിയാണ് മരണവിവരം പുറത്തുവിട്ടത്. ഡിങ്കോയുടെ യൂട്യൂബ് ചാനലിന് 1,00,000 ത്തിലേറെ സബ്സ്ക്രൈബർമാർ ഉണ്ട്. മുതല മുതൽ പാമ്പ് വരെയുള്ള ലോകത്തെ അപകടകാരികളായ ജീവികളെ കൈകാര്യം ചെയ്യുന്ന വീഡിയോകളിലൂടെ ഇദ്ദേഹം ഏവരെയും അമ്പരപ്പിച്ചു.
ക്വാസുലു നേറ്റൽ മേഖലയിൽ ഡിങ്കോസ് ഫാം ആൻഡ് റെപ്‌റ്റൈൽ പാർക്ക് എന്ന സ്ഥാപനം അദ്ദേഹം സ്ഥാപിച്ചിരുന്നു. ഡിസ്‌കവറി അടക്കം ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ടെയ്‌ലർ (14), മാഡി (12), റെക്സ് (9) എന്നിവരാണ് ഡിങ്കോയുടെ മക്കൾ.
'ദ ക്രോക്കൊഡൈൽ ഹണ്ടർ" എന്ന പരിപാടിയിലൂടെ ലോകത്തിന് സുപരിചിതനായ സ്റ്റീവ് ഇർവിനും 44 -ാം വയസിലാണ് വിടപറഞ്ഞത്. ഓസ്ട്രേലിയക്കാരനായ ഇർവിൻ മുതലകളെയും പാമ്പുകളെയും അനായാസം കൈകാര്യം ചെയ്ത് ലോകത്തെ വിസ്മയിപ്പിച്ചു.
2006 സെപ്തംബറിൽ അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഗ്രേറ്റ് ബാരിയർ റീഫിൽ കടലിനടിയിൽ ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ ഭീമൻ തിരണ്ടിയുടെ വാൽ ഇർവിന്റെ ഹൃദയത്തിലേക്ക് കുത്തുകയായിരുന്നു.