cricket

മുംബയ്: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്‌നം സജീവമാക്കി ഇന്ത്യ-ന്യൂസിലാന്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലെ ആദ്യ ദിനം ഇന്ത്യയ്‌ക്ക് നേരിയ മേൽക്കൈ. സ്‌പിൻ ബൗളിംഗിനെ അനുകൂലിച്ച പിച്ചിൽ ഇന്ത്യയ്‌ക്കായി ജഡേജ 65 റൺസ് വഴങ്ങി അഞ്ചും വാഷിംഗ്‌ടൺ സുന്ദർ 81 റൺസ് വഴങ്ങി നാലും വിക്കറ്റുകൾ നേടി. മൂന്നാമനായി ക്രീസിലെത്തുകയും ഒരുഘട്ടത്തിൽ ഇന്ത്യൻ ബൗളിംഗിന് ഭീഷണിയെന്ന് തോന്നുകയും ചെയ്‌ത വിൽ യംഗിന്റെയടക്കം(71) അഞ്ച് പേരുടെ വിക്കറ്റുകൾ ജഡേജ നേടി. 65 ഓവറുകളിൽ 235 റൺസിന് ന്യൂസിലാന്റ് ഓൾഔട്ടായി.

വിൽ യംഗിന് പുറമേ മികച്ച ഫോമിൽ കളിച്ച ഡാരിൽ മിച്ചലാണ് ടോപ്‌സ്‌കോറർ. 129 പന്തിൽ 82 റൺസാണ് മിച്ചൽ നേടിയത്. മൂന്ന് ഫോറുകളും മൂന്ന് സിക്‌സറുകളുമാണ് മിച്ചൽ പറത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്റിന് 15 റൺസ് നേടുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്‌ടമായി. ഡെവൺ കോൺവെ(4) ആകാശ് ദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീടുള്ള എല്ലാ ബാറ്റർമാരെയും സുന്ദറും ജഡേജയും ചേർന്നാണ് പുറത്താക്കിയത്. 228 റൺസ് സ്‌കോറിൽ നിൽക്കവെയാണ് ഒൻപതാമനായി മിച്ചൽ പുറത്തായത്. പൂനെയിൽ ഇന്ത്യയെ തകർത്ത ഇടംകൈ സ്‌പിന്നർ മിച്ചൽ സാന്റ്ന‌ർ പരിക്കിനെ തുടർന്ന് കളിക്കുന്നില്ല. ഇന്ത്യൻ നിരയിൽ ബുമ്രയും കളിക്കുന്നില്ല. സിറാജാണ് പകരം കളിക്കുന്നത്. ആറ് ഓവർ മികച്ച രീതിയിൽ പന്തെറിഞ്ഞ സിറാജ് 16 റൺസേ വഴങ്ങിയുള്ളെങ്കിലും വിക്കറ്റൊന്നും നേടിയില്ല.