jisha

കണ്ണൂർ: കൺപോളയിൽ മീൻ ചൂണ്ട തുളച്ചുകയറിയ യുവതിക്ക് രക്ഷകരായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്‌ടർമാർ. വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെയാണ് പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി ജിഷയുടെ കൺപോളയിൽ മീൻ ചൂണ്ട തുളച്ച് കയറിയത്. വിറകുപുരയ്‌ക്ക് മുകളിൽ തൂക്കിയിട്ടിരുന്നതായിരുന്നു മീൻ ചൂണ്ട.

ഉടൻതന്നെ ഇരിട്ടിയിലെയും പേരാവൂരിലെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും ചൂണ്ട പുറത്തെടുക്കാനായില്ല. കടുത്ത വേദനയെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗത്തിൽ ചികിത്സ തേടിയെങ്കിലും ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്തെടുക്കുക എന്നത് ഡോക്‌ടർമാർക്ക് വെല്ലുവിളിയായി. തുടർന്ന് ദന്ത വിഭാഗത്തിന്റെയും സഹായം തേടി.

എയർ റോട്ടർ ഹാൻഡ് പീസ് എന്ന മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റിയാണ് ചൂണ്ട പൂർണമായും പുറത്തെടുത്തത്. ചികിത്സയ്‌ക്ക് കണ്ണൂർ ജില്ലാ ആശുപത്രി ദന്തവിഭാഗത്തിലെ ഓറൽ ആൻഡ് മാക്‌സിലോ ഫേഷ്യൽ സർജൻ ഡോ. ദീപക് ടിഎസ്, ഡെന്റൽ സർജൻ ഡോ. സഞ്ജിത്ത് ജോർജ്, ഒഫ്‌താൽമോളജിസ്റ്റ് ഡോ. ജെയ്‌സി തോമസ്, ഡോ. മിൽന നാരായണൻ, സീനിയർ ഡന്റൽഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ലക്ഷ്‌മി കൃഷ്‌ണ എന്നിവർ നേതൃത്വം നൽകി.